കേരള ബ്ലാസ്റ്റേഴ്സിലൂടെ ദേശീയ ടീമിൽ കയറിയ മലയാളി താരമാണ് രാഹുൽ കെ പി. ഇന്ത്യക്ക് വേണ്ടി 2017 ഫിഫ അണ്ടർ 17 ലോകകപ്പ് കളിച്ച തൃശ്ശൂർ, മണ്ണുത്തി സ്വദേശിയായ രാഹുൽ കെ പി, 2019 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരമാണ്. ഇതിനോടകം 5 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച രാഹുൽ, 77 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.
ഇപ്പോൾ, 24-കാരനായ രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവിൽ തായ്‌ലൻഡിൽ പ്രീ സീസൺ പരിശീലനങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ രാഹുൽ അംഗമാണ്. മലയാളി താരത്തിന്റെ പ്രകടനം പുതിയ പരിശീലക സംഘത്തിന് മതിപ്പ് സൃഷ്ടിച്ചതോടെ, താരത്തിന്റെ കോൺട്രാക്ട് നീട്ടാനാണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. എന്നാൽ, ഇതിനോട്
മുഖം തിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചിരിക്കുന്നത്. 2025 വരെ രാഹുലിന് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഉണ്ട്. 2020-ലാണ് താരം അഞ്ചുവർഷത്തെ കരാറിൽ ഒപ്പുവച്ചത്. ഇപ്പോൾ, ഒരു വർഷത്തെ എക്സ്റ്റൻഷൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. എന്നാൽ, ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, രാഹുലിന് കേരള ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ട് നീട്ടാൻ ആഗ്രഹമില്ല.
മാത്രമല്ല, നിലവിൽ രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ ഈ യുവ മലയാളി താരത്തിനായി ട്രാൻസ്ഫർ രംഗത്തുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ബംഗളൂരു എഫ് സി, ചെന്നൈയിൻ എഫ് സി എന്നീ ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിലും രാഹുൽ ടീം വിടും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം ടീമിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ ഇത്തവണ രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. Kerala Blasters winger Rahul KP not ready to extend contract