കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ ഇന്ന് മലയാളികൾ തങ്ങളിൽ ഒരുവനായി ആണ് കാണുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹം കാണിക്കാറുണ്ട്. 2022-ൽ ലൂണയുടെ 6 വയസ്സുകാരിയായ മകൾ ജുലീറ്റ ദീർഘകാലമായി പിടിപെട്ട സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഖത്തോട് പോരാടി
ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്, ബ്ലാസ്റ്റേഴ്സ് ആരാധകരെയും ദുഃഖിതരാക്കിയിരുന്നു. തന്റെ വിഷമം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, തന്റെ വ്യക്തിജീവിതത്തിലെ ഒരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഉറുഗ്വായൻ ഫോർവേഡ്. അതെ, 32-കാരനായ അഡ്രിയാൻ ലൂണ വീണ്ടും ഒരു കുഞ്ഞിന്റെ കൂടി പിതാവ് ആകാൻ ഒരുങ്ങുന്നു.
ലൂണ തന്റെ പ്രിയതമ മരിയാന ഹർണാണ്ടസിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. ദമ്പതികൾക്ക് ഒരു മകൻ കൂടി ഉണ്ട്. പുതിയ കുഞ്ഞ് വരുന്നതോടെ തങ്ങളുടെ കുടുംബം വീണ്ടും 4 പേരായി മാറുന്നു എന്ന് ലൂണ പറയുന്നു. “ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ സമ്മാനം നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തോട് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. ഞങ്ങൾ സുന്ദരമായ ഒരു കുഞ്ഞിന്റെ മാതാപിതാക്കളാകാൻ പോകുന്നു. താമസിയാതെ ഞങ്ങൾ 4 പേരാകും, ഞങ്ങൾ പരസ്പരം നൽകേണ്ട എല്ലാ സ്നേഹവും ഉപയോഗിച്ച് ഞങ്ങളുടെ കുടുംബം വളരുകയും ശക്തമാവുകയും ചെയ്യും.
മാതാപിതാക്കളാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ നിന്റെ ശരീരം നൽകിയതിന് അമ്മയ്ക്ക് (ലൂണയുടെ ഭാര്യ) നന്ദി, ലോകത്തിലെ ഏറ്റവും മികച്ച അമ്മയായതിൽ സാൻ്റിനോ അനുഗ്രഹീതയാണ്. കുഞ്ഞേ, വളരെ ആകാംക്ഷയോടെയും സ്നേഹത്തോടെയും ഞങ്ങൾ നിനക്കായി കാത്തിരിക്കുന്നു,” ലൂണ സോഷ്യൽ മീഡിയയിൽ കുറിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വ്യക്തിജീവിത സന്തോഷങ്ങളിലും ആരാധകർ പങ്കുചേരുന്നു എന്നതിനുള്ള തെളിവാണ്, ലൂണ പങ്കുവെച്ച് പോസ്റ്റിനു താഴെയുള്ള ആശംസാപ്രവാഹം. Kerala Blasters captain Adrian Luna ready to welcome third baby