സൂപ്പർ ലീഗ് കേരളയുടെ ആവേശകരമായ ആദ്യ സീസൺ ആരംഭിക്കാൻ ഒരുങ്ങവെ, എല്ലാ ഫ്രാഞ്ചൈസികളും അവരുടെ ക്ലബ്ബ് മികച്ചതാക്കാനുള്ള പരിശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ മലപ്പുറം എഫ് സി ട്രാൻസ്ഫർ രംഗത്ത് സജീവമായിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മലപ്പുറത്തെ ഫുട്ബോൾ ആവേശങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, മുൻ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ വിക്ടർ മോങ്കിലിനെ ക്ലബ്ബ് സൈൻ ചെയ്തിരിക്കുന്നു.
32-കാരനായ സ്പാനിഷ് താരം, 2023-ൽ കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ് ഫുട്ബോൾ കരിയർ അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഒരു വർഷത്തെ ഇടവേളക്ക് ശേഷം, മലപ്പുറം എഫ്സിയിലൂടെ വീണ്ടും മൈതാനത്ത് ഇറങ്ങാൻ തയ്യാറെടുക്കുകയാണ് വിക്ടർ മോങ്കിൽ. ഐഎസ്എല്ലിൽ എടികെ, ഒഡീഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള വിക്ടർ മോങ്കിൽ, സ്പെയിൻ അണ്ടർ 17 ടീമിന്റെ ഭാഗമായിരുന്നു. ഇദ്ദേഹത്തെ കൂടാതെ
ശ്രദ്ധേയമായ ഒരുപിടി സൈനിംഗുകൾ ഇതിനോടകം മലപ്പുറം എഫ്സി നടത്തിക്കഴിഞ്ഞു. മുൻ ഇന്ത്യൻ ഇന്റർനാഷണൽ അനസ് എടത്തൊടിക്ക മലപ്പുറം എഫ്സിയുടെ ഭാഗമായി. ഐലീഗ് ക്ലബ്ബായ ഗോകുലത്തിൽ നിന്നാണ് അനസ് മലപ്പുറം ഫുട്ബോൾ ക്ലബ്ബിന് വേണ്ടി കളിക്കാൻ എത്തിയിരിക്കുന്നത്. മുൻ കേരള സന്തോഷ് ട്രോഫി ഗോൾ കീപ്പർ മിഥുൻ ആണ് മലപ്പുറം എഫ്സിയുടെ ഗോൾകീപ്പർ. ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയുടെ
പരിശീലകൻ ആയിരുന്ന ജോൺ ഗ്രിഗറി ആണ് മലപ്പുറം ഫുട്ബോൾ ക്ലബ്ബിനെ പരിശീലിപ്പിക്കുക. മുൻ സന്തോഷ് ട്രോഫി താരവും ഐലീഗിൽ ഡൽഹി എഫ്സിക്ക് വേണ്ടി കളിച്ചിട്ടുള്ള താരവുമായ ഫസലു റഹ്മാനും മലപ്പുറം ഫുട്ബോൾ ക്ലബ്ബിന് വേണ്ടി സൈൻ ചെയ്തു. മലപ്പുറത്തെ കൂടാതെ മറ്റു ക്ലബ്ബുകളും ശ്രദ്ധേയമായ താരങ്ങളെ പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തിവരുന്നു. Former Kerala Blasters defender Victor Mongil signs for Malappuram FC