കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം ആവുകയാണ്. മുംബൈ സിറ്റി എഫ് സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരത്തിലെ എതിരാളികൾ. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഔദ്യോഗിക ഡ്യുറണ്ട് കപ്പ് സ്ക്വാഡ് പുറത്തുവിടുകയുണ്ടായി. ആരാധകർക്ക് ശുഭപ്രതീക്ഷ നൽകുന്ന ചില അപ്ഡേറ്റുകൾക്ക് ഒപ്പം, നിരാശ സമ്മാനിക്കുന്ന വാർത്തയും ഉണ്ടായിരുന്നു.
കഴിഞ്ഞ സീസണിലെ പകുതിയിലധികം മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ് പരിക്കിൽ നിന്ന് മുക്തി നേടി ടീമിനൊപ്പം ചേർന്നിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിവരുന്ന വേളയിലാണ് സച്ചിൻ സുരേഷിന് പരിക്ക് പറ്റിയത്. തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഡ്യുറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ സച്ചിൻ സുരേഷ് ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം,
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ മിഡ്ഫീൽഡർ വിപിൻ മോഹനൻ പരിക്കിന്റെ പിടിയിൽ ആയിരിക്കുകയാണ്. തായ്‌ലന്റിലെ പ്രീ സീസണിൽ വിപിൻ സജീവമായിരുന്നെങ്കിലും, ഇപ്പോൾ അദ്ദേഹത്തിന് നേരിയ പരിക്ക് ഏറ്റിരിക്കുന്നു. വിപിൻ മോഹനനെ കൂടാതെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ ഫോർവേർഡ് ജോഷ്വാ സൊറ്റീരിയോയും പരിക്കിന്റെ പിടിയിലാണ്.
പരിക്ക് മൂലം കഴിഞ്ഞ സീസൺ മുഴുവനായി നഷ്ടപ്പെട്ട സൊറ്റീരിയോ, ഈ സീസണിൽ മികച്ച പ്രകടനം നടത്തി തിരിച്ചു വരാം എന്ന് കരുതിയെങ്കിലും, പ്രീ സീസണിൽ അദ്ദേഹത്തിന് പരിക്ക് ഏൽക്കുകയായിരുന്നു. ഇതോടെ താരം കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹവും ശക്തമാകുന്നു. വിപിൻ മോഹനനും, സൊറ്റീരിയോയും നിലവിൽ പരിക്കിൽ നിന്ന് മുക്തി നേടാനുള്ള പരിശ്രമത്തിലാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞു. വിപിനെ ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയപ്പോൾ, സൊറ്റീരിയോ ടീമിൽ ഇടം നേടിയില്ല. Kerala Blasters players key updates and injury concerns for Durand Cup