2024 – 2025 സീസണ് മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചിരിക്കുന്നത്. ഐഎസ്എല്ലിന് മുന്നോടിയായി നടക്കുന്ന ഡ്യുറണ്ട് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര പ്രകടനം പുറത്തെടുത്തു. മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ, ശക്തരായ പഞ്ചാബിനെതിരെ 1-1 സമനില വഴങ്ങി. പ്രീ സീസണിൽ തായ്‌ലൻഡ് ക്ലബ്ബുകൾക്കെതിരെയും കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് നടത്തിയത്.
ഗോൾ സ്കോർ ചെയ്യുന്നതിൽ യാതൊരു പിശുക്കും കാണിക്കാതയുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിവരുന്നത്. ഘാന ഫോർവേഡ് ക്വാമി പെപ്ര മികച്ച ഫോമിൽ കളിക്കുകയും, തുടർച്ചയായി ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്യുമ്പോൾ, ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് ആയ മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയും ക്ലാസിക് പ്രകടനമാണ് കാഴ്ചവക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സദൗയ് ഹാട്രിക് പ്രകടനം പുറത്തെടുത്തു.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പതിവുപോലെ കളി മെനഞ്ഞെടുക്കുന്നതിൽ മികവ് കാണിക്കുന്നു. ലൂണയും നോഹയും പെപ്രയും ചേർന്നുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര, വരും സീസണിലേക്ക് മികച്ച പ്രതീക്ഷയാണ് നൽകുന്നത്. അതേസമയം, ബ്ലാസ്റ്റേഴ്സിൽ നിന്ന് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയ ദിമിത്രിയോസ് ഡയമന്റകോസിന്റെ പകരക്കാരൻ കൂടി ബ്ലാസ്റ്റേഴ്സിൽ എത്തിച്ചേരാൻ ഉണ്ട്. ലൂണ – പെപ്ര – നോഹ ത്രിമൂർത്തികൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സ് ആരെയാണ് വിദേശ സ്ട്രൈക്കർ ആയി എത്തിക്കുക
എന്ന ആരാധകരുടെ ചോദ്യത്തിന്, ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് (ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റ്) ആയ മാർക്കസ് മെർഗുൽഹാവൊ നൽകിയ മറുപടി ഇങ്ങനെയാണ്, “സാധ്യമായ ഏറ്റവും മികച്ച ഓപ്ഷനായി കാത്തിരിക്കുക എന്നതാണ് KBFC നയം. ചില ഓപ്ഷനുകൾ തുടക്കത്തിൽ സാഹസികമോ ആഡംബരമോ ആയി തോന്നുമെങ്കിലും, ട്രാൻസ്ഫർ വിൻഡോയുടെ അവസാനത്തിൽ അത് പ്രവർത്തനക്ഷമമാകും. അൽവാരോ വാസ്ക്വസ് ഒരു മികച്ച ഉദാഹരണമാണ്.” തീർച്ചയായും അദ്ദേഹത്തെപ്പോലെ ഒരു ഗോൾ പൗച്ചറെ ബ്ലാസ്റ്റേഴ്സ് എത്തിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. Marcus Mergulhao explains Kerala Blasters policy to sign a foreign striker