മലയാളികൾ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുള്ള ഫുട്ബോൾ ക്ലബ്ബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് എന്നത് കേരള ഫുട്ബോൾ പ്രേമികൾക്ക് ഒരു വികാരം തന്നെയാണ്. ഹോം മത്സരങ്ങളിൽ മാത്രം അല്ല, ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങളിലും മഞ്ഞപ്പടയുടെ ട്രാവൽ ഫാൻസ് എത്തിച്ചേരാറുണ്ട്. എതിരാളികൾ പലപ്പോഴും അവരുടെ ഹോം മൈതാനത്ത് കളിക്കുമ്പോൾ, ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ
സ്റ്റേഡിയം ആണോ എന്ന് ചിന്തിച്ച് പോയിട്ടുണ്ടെങ്കിൽ അതിൽ അതിശയം ഒന്നും തന്നെ തോന്നേണ്ടതില്ല. മലയാളി ഫുട്ബോൾ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന സ്നേഹം, കേരളീയർക്ക് ഒരു ആവശ്യം വരുമ്പോൾ അത് നമുക്കും ഉപകരിക്കും എന്നതിന്റെ തെളിവാണ്, ഇപ്പോൾ മഞ്ഞപ്പട ചെയ്ത ഒരു പ്രവർത്തി. കേരളത്തെ ഞെട്ടിക്കുകയും ദുഃഖത്തിൽ ആക്കുകയും ചെയ്ത വയനാട് ദുരന്തത്തിൽ ബാധിക്കപ്പെട്ട മനുഷ്യരുടെ
പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് മഞ്ഞപ്പട. ഇത് സാമൂഹിക ക്ഷേമത്തിനായുള്ള മഞ്ഞപ്പടയുടെ സമർപ്പണം വീണ്ടും ഉറപ്പിക്കുന്നു. എറണാകുളം ജില്ലാ കളക്ടർ ശ്രീ. എൻഎസ്കെ ഉമേഷ് ഐഎസിന് മഞ്ഞപ്പടയുടെ ഭാരവാഹികൾ സംഭാവന കൈമാറി. ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന, കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയായ മഞ്ഞപ്പടയുടെ
ഈ പ്രവർത്തി അഭിനന്ദനാർഹം തന്നെയാണ്. നേരത്തെ, ഡ്യുറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്ക് എതിരെ 8-0 ത്തിന് നേടിയ വിജയം കേരള ബ്ലാസ്റ്റേഴ്സ് വയനാട് ദുരന്ത ബാധിതർക്ക് ആദരമായി സമർപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ഉൾപ്പെടെ ഇതിൽ പങ്കുചേർന്നു എന്നതും ശ്രദ്ധേയമായി എടുത്തു പറയേണ്ടതാണ്. മൊറോക്കോൺ ഫോർവേഡ് നോഹ സദൗയ്, ഘാന ഫോർവേഡ് ക്വാമി പെപ്ര തുടങ്ങിയവർ അവരുടെ ഗോൾ നേട്ടങ്ങൾ ആദരമായി സമർപ്പിച്ചിരുന്നു. Kerala Blasters fans manjappada stand strong and donates for Wayanad