ഇന്ത്യൻ ഫുട്ബോളിലെ പുതിയ ശക്തികൾ ആകാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ടീം ആണ് ഇന്റർ കാശി. 2023-ൽ രൂപം കൊണ്ട ടീം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നിയമപ്രകാരം, 2023-24 ഐലീഗ് സീസണിലേക്കുള്ള ബിഡ് സ്വന്തമാക്കി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ വാരണാസി അടിസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസി സ്പോൺസർ ചെയ്തിരിക്കുന്നത് ആർഡിപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്.
2023-24 ഐലീഗ് സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്റർ കാശി, വരും സീസണിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ നേടാനാണ് ഇപ്പോൾ പരിശ്രമിക്കുന്നത്. ഇതിന്റെ ആദ്യ പടി എന്നോണം, മോഹൻ ബഗാനെ കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് വിന്നേഴ്സ് ഷീൽഡിലേക്ക് നയിച്ച പരിശീലകൻ അന്തോണിയോ ലോപ്പസ് അബ്ബാസിനെ ഇന്റർ കാശി അവരുടെ പരിശീലകനായി നിയമിച്ചു. നേരത്തെ രണ്ട് തവണ എടികെയെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാർ ആക്കിയിട്ടുള്ള പരിശീലകൻ ആണ് അന്തോണിയോ ലോപ്പസ്. ഇപ്പോൾ, അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന
അസൈൻമെന്റ് ഇന്റർ കാശിയെ ഐലീഗ് ചാമ്പ്യന്മാർ ആക്കുക എന്നാണ്. അതേസമയം, ഇവാൻ വുക്കമനോവിക് പോയ ഒഴിവിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് അന്തോണിയോ ലോപ്പസിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു എന്ന് പ്രമുഖ സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ, പിന്നീട് സ്വിഡിഷ് പരിശീലകൻ മൈക്കിൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിക്കുകയായിരുന്നു. എന്നാൽ, ഇന്റർ കാശിയുടെ പരിശീലകനായി ചുമതലയേറ്റ അന്തോണിയോ ലോപ്പസ്, ഇപ്പോൾ അദ്ദേഹത്തിന്റെ സ്ക്വാഡിൽ എത്തിച്ചിരിക്കുന്നത് മുൻ മോഹൻ ബഗാൻ താരം ജോണി കൗകോയെയാണ്. ഈ മുൻ ഫിൻലൻഡ് ഇന്റർനാഷണൽ 2018-2019 യുവേഫ നേഷൻസ് ലീഗിൽ ഉൾപ്പെടെ 28 മത്സരങ്ങൾ അന്താരാഷ്ട്ര തലത്തിൽ കളിച്ചിട്ടുണ്ട്.
2021 – 2024 കാലയളവിൽ മോഹൻ ബഗാന് വേണ്ടി 51 മത്സരങ്ങൾ കളിച്ചിട്ടുള്ള മിഡ്ഫീൽഡർ 10 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐഎസ്എല്ലിൽ പരിചയസമ്പന്നനായ ഈ സെന്റർ മിഡ്ഫീൽഡർ, ഇന്റർ കാശിയിൽ എത്തിയിരിക്കുന്നത് അന്തോണിയോ ലോപ്പസിന്റെ മിടുക്ക് കൊണ്ടാണ് എന്നത് വ്യക്തം. 34-കാരനായ താരം തീർച്ചയായും ഇന്റർ കാശിക്ക് ഒരു മുതൽക്കൂട്ടാകും. അതേസമയം അന്തോണിയോ ലോപ്പസിനെ പോലെ ഐഎസ്എൽ പരിചയസമ്പത്തുള്ള ഒരു പരിശീലകനെ എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തില്ല എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. Kerala Blasters missed opportunity Antonio Lopez takes Inter Kashi to new heights