ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, മഞ്ഞപ്പടയുടെ ടോപ് സ്കോറർ ആയി നിൽക്കുന്നത് പുതിയ സൈനിങ് ആയ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക് നേട്ടം ഉൾപ്പെടെ, 6 ഗോളുകൾ ആണ് നോഹ സ്കോർ ചെയ്തിരിക്കുന്നത്. ഡ്യുറണ്ട് കപ്പ് 2024-ലെ നിലവിലെ ടോപ് സ്കോറർ ആയ നോഹയെ കുറിച്ചുള്ള
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയാണ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. 2022-ൽ മൊറോക്കൻ ക്ലബ് ആയ എഎസ് ഫാർ-ൽ നിന്നാണ് നോഹ ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോവ എഫ് സി യിലേക്ക് എത്തുന്നത്. രണ്ട് സീസണുകളിൽ ഗോവക്ക് വേണ്ടി കളിച്ച നോഹ, 54 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ സ്കോർ ചെയ്ത് ഗോവയുടെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇടം നേടി.
ശേഷം, 2024-ൽ 30-കാരനായ നോഹ സദോയിയെ രണ്ട് വർഷത്തെ കോൺട്രാക്ടിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പ്രീ സീസണിൽ മികച്ച പ്രകടനം നടത്തിയ നോഹ, തന്റെ ഗംഭീര ഫോം ഡ്യൂറൻഡ് കപ്പിലും തുടർന്നു. ആദ്യം മത്സരത്തിൽ മുംബൈക്കെതിരെ ഹാട്രിക് നേടിയ നോഹ, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഹാട്രിക് നേട്ടം ആവർത്തിച്ചു. “കഴിഞ്ഞ രണ്ട് സീസണുകളിൽ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ നോഹയിൽ നിന്ന്
ഞങ്ങൾക്ക് ഉയർന്ന പ്രതീക്ഷകൾ ഉണ്ട്, അതിനാൽ അദ്ദേഹം അതേ നിലയിലും അതേ രീതിയിലും തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കെബിഎഫ്സി ടിവി-യോട് സംസാരിച്ചു. തന്നിൽ അർപ്പിച്ച പ്രതീക്ഷ നിലനിർത്തും എന്നതിന്റെ സൂചനയാണ് തുടക്കത്തിൽ തന്നെ നോഹ പുതിയ ക്ലബ്ബിനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ മൊറോക്കോക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് നോഹ സദോയ്. Kerala Blasters sporting director express their expectation on Noah Sadaoui