ഐഎസ്എൽ 2024-2025 സീസൺ സെപ്റ്റംബർ 13-ന് ആരംഭിക്കാൻ ഇരിക്കെ മിക്ക ടീമുകളും അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കി കഴിഞ്ഞു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ പട്ടികയുടെ പൂർണ്ണരൂപം ഇതുവരെ ആയിട്ടില്ല. പുതിയതായി രണ്ട് വിദേശ താരങ്ങളെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ്, മൂന്ന് താരങ്ങളെ നിലനിർത്തുകയും ചെയ്തു.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ കീഴിൽ 6 വിദേശ താരങ്ങൾക്ക് നിലവിൽ കോൺട്രാക്ട് ഉണ്ട്. എന്നാൽ, വരും സീസണിൽ ഈ 6 പേര് ആയിരിക്കുമോ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, മിലോസ് ഡ്രിൻസിക് എന്നിവരെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയപ്പോൾ, നോഹ സദോയ്, അലക്സാണ്ടർ കോഫ് എന്നിവരെ പുതിയതായി സൈൻ ചെയ്യുകയും ചെയ്തു.
ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റീരിയോക്ക് നിലവിൽ ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, പരിക്കിന്റെ പിരിയിലുള്ള താരത്തെ ടീം നിലനിർത്താൻ സാധ്യതയില്ല. മാത്രമല്ല, തങ്ങൾ പുതിയ ഒരു സ്ട്രൈക്കറെ തേടുന്നു എന്ന് പരിശീലകൻ മൈക്കിൽ സ്റ്റാറെ ഇതിനോടകം പറഞ്ഞിട്ടും ഉണ്ട്. നിരവധി താരങ്ങളുടെ പേരുകൾ ചേർത്തുള്ള ട്രാൻസ്ഫർ റൂമറുകൾ ഇതിനോടകം വന്നെങ്കിലും, ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് ബ്ലാസ്റ്റേഴ്‌സ് താരം
മിലോസ് ഡ്രിൻസിക്കിന്റെ രാജ്യക്കാരനായ സ്റ്റീവൻ ജോവെറ്റിക്കിന്റെ പേരാണ്. ഈ മോന്റിനെഗ്രിൻ സ്ട്രൈക്കറെ നേരത്തെ ഇവാൻ വുക്കമനോവിക് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. 34-കാരനായ താരം മോന്റിനെഗ്രോ ദേശീയ ടീമിനായി 78 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടുണ്ട്. ഇദ്ദേഹവുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Kerala Blasters made initial talks with Milos Drincic countryman Stevan Jovetic