കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ തോൽപ്പിച്ചതിൻ്റെ ശാപമോ? കൗതുകകരമായ പ്രവണത ആവർത്തിക്കുന്നു

ക്ലബ്‌ രൂപീകരിച്ചിട്ട് 10 വർഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും, ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ, ഇതുവരെ ഒരു മേജർ ട്രോഫി നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ മൂന്ന് തവണ എത്തിയിട്ടുണ്ട്. പ്രഥമ സീസണിന്റെ ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് 

എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 2014-ലെ ഫൈനൽ മത്സരം, 2016-ൽ വീണ്ടും ആവർത്തിച്ചു. മത്സരത്തിൽ കേരളം ആദ്യം മുഹമ്മദ് റാഫിയിലൂടെ ലീഡ് നേടിയെങ്കിലും, ഹെൻറിക് സെറീനൊ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയെ ഒപ്പമെത്തിച്ചു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ, അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ ഇയാൻ ഹ്യൂം ആദ്യ ഷോട്ട് തന്നെ നഷ്ടപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകിയെങ്കിലും, 

എൽഹാഡ്ജി എൻഡോയെ, സെഡ്രിക് ഹെങ്ബർട്ട് എന്നിവർ പെനാൽറ്റി നഷ്ടപ്പെടുത്തിയത് കേരള ബ്ലാസ്റ്റേഴ്സിന് വിനയായി. 4-3 എന്ന നിലയിൽ വീണ്ടും ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ചാമ്പ്യൻ പട്ടം അണിഞ്ഞു. ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം, 2021-2022 സീസണിൽ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്സിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. ഇപ്പോൾ, ഇതുമായി ബന്ധപ്പെട്ട് രസകരമായ ഒരു കാര്യം 

കണ്ടെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. 2014-ലും 2016-ലും ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത 2019-ൽ പുനക്രമീകരിക്കേണ്ടിവന്നു. ക്ലബ്ബിന്റെ പാർട്ണർമാരായ അത്‌ലറ്റിക്കോ മാഡ്രിഡ് കരാർ അവസാനിപ്പിച്ചതോടെ, എടികെ എന്ന പേരിലേക്കും, പിന്നീട് മോഹൻ ബഗാനുമായി ചേർന്ന് മോഹൻ ബഗാൻ സൂപ്പർ ജിയന്റ് എന്ന നിലയിലേക്കും മാറി. 2021-ൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ പരാജയപ്പെടുത്തിയ ഹൈദരാബാദ് എഫ് സി, 

ഇന്ന് പിരിച്ചുവിടലിന്റെ വക്കിലാണ്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ടീം, വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. കളിക്കാരെ നിലനിർത്താൻ സാധിക്കാതെ വന്നതോടെ ഡ്യുറണ്ട് കപ്പ് 2024-ൽ നിന്ന് ഒഴിഞ്ഞ ഹൈദരാബാദ്, ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് തന്നെ മാറി ക്ലബ്ബ് പിരിച്ചുവിടും എന്നാണ് കേൾക്കുന്നത്. ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ പരാജയപ്പെടുത്തിയ ടീമുകൾ ഒന്നും തന്നെ പിന്നീട് ഗതി പിടിച്ചിട്ടില്ല എന്നാണ് മഞ്ഞപ്പടയുടെ തമാശ നിറഞ്ഞ കണ്ടെത്തൽ. Teams that defeated Kerala Blasters in ISL final face turmoil