2023-2024 ഐഎസ്എൽ സീസണിൽ മികച്ച രീതിയിൽ തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ്, 2023 ഡിസംബറിൽ ഇന്റർ നാഷണൽ ബ്രേക്കിൽ ലീഗ് പിരിയുമ്പോൾ ടേബിൾ ടോപ്പ് ആയിരുന്നു. എന്നാൽ, പിന്നീട് പരിക്ക് എന്ന മഹാമാരി വലിയ രീതിയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ പിടിപെട്ടത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഗോൾകീപ്പർ സച്ചിൻ സുരേഷ്, സ്ട്രൈക്കർ ക്വാമി പെപ്ര തുടങ്ങിയ പ്രധാന താരങ്ങൾ എല്ലാവരും
പരിക്കിന്റെ പിടിയിൽ ആയതോടെ, അത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വലിയ രീതിയിൽ ബാധിച്ചു. ടേബിൾ ടോപേഴ്സ് എന്ന നിലയിൽ നിന്ന് സീസൺ അവസാനിക്കുന്ന വേളയിൽ, പ്ലേഓഫ് ക്വാളിഫയേഴ്സിൽ ഇടം പിടിക്കാൻ മാത്രമേ ടീമിന് സാധിച്ചുള്ളൂ. അതുകൊണ്ടുതന്നെ ഈ സീസണിലും പരിക്ക് എന്ന് കേൾക്കുമ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ആശങ്കയാണ്. എന്നാൽ, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് വരുന്ന വാർത്ത
ആരാധകർക്ക് സന്തോഷവും ആശ്വാസവും നൽകുന്നതാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ആർക്കും തന്നെ മേജർ ഇഞ്ചുറികൾ ഒന്നും തന്നെ ഇല്ല, കേരള ബ്ലാസ്റ്റേഴ്സിനോട് അടുത്ത വൃത്തം റിപ്പോർട്ട് ചെയ്തു. നേരത്തെ രാഹുൽ കെപി പരിക്കിന്റെ പിടിയിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ താരം പരിശീലനം ആരംഭിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് തന്നെ വ്യക്തമാക്കി. പരിക്കിന്റെ പിടിയിലായ ഓസ്ട്രേലിയൻ താരം, ജോഷ്വ സൊറ്റീരിയോ ഇനി ക്ലബ്ബിൽ തുടരാനും സാധ്യതയില്ല.
വ്യക്തിപരമായ കാരണത്താൽ ക്ലബ്ബിൽ നിന്ന് വിട്ടുനിന്ന പ്രഭീർ ദാസും, ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുൾ സ്ക്വാഡ് ഡ്യുറണ്ട് കപ്പിന്റെ ഭാഗമാണ്. അമ്മയുടെ വിയോഗത്തെ തുടർന്ന് വിപിൻ മോഹനൻ മാത്രമാണ് ഇപ്പോൾ ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്. അതേസമയം, പുതിയ വിദേശ സ്ട്രൈക്കർക്കായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. Kerala Blasters squad fully fit ahead of isl season