കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെ, സ്‌ക്വാഡിൽ അപ്ഡേറ്റുകൾ വരണം എന്ന ആരാധകരുടെ ആവശ്യം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. പ്രധാനമായും 5 കാരണങ്ങൾ ആണ് നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ പോരായ്മയായി പ്രകടമായി കാണപ്പെടുന്നത്. അവയിൽ ആദ്യത്തേത് കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഗോൾഡൻ ബൂട്ട് വിന്നർ
ദിമിത്രിയോസ് ഡയമന്റകോസിനെ വിട്ടുകളഞ്ഞതാണ്. രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഗ്രീക്ക് സ്ട്രൈക്കർ, ടീമിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആണ്. എന്നിരുന്നിട്ടും, സാലറിയുടെ കാര്യത്തിൽ താരത്തിന്റെ ആവശ്യത്തിന് ഒപ്പം നിൽക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അവസരം മുതലെടുത്ത് ഈസ്റ്റ് ബംഗാൾ അദ്ദേഹത്തെ സൈൻ ചെയ്യുകയും ചെയ്തു. മറ്റൊന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ആയ
ജീക്സൺ സിംഗിനെ വിട്ടുകളഞ്ഞതാണ്. ദീർഘകാലമായി കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജീക്സണെ, 3.3 കോടി രൂപക്കാണ് ഈസ്റ്റ് ബംഗാൾ റാഞ്ചിയത്. അദ്ദേഹത്തിന് ഒരു പകരക്കാരനെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുകയും ചെയ്തിട്ടില്ല, ഇനി അങ്ങനെ ഒരു സൈനിംഗ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. മൂന്നാമത്തെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്, ഐഎസ്എൽ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഇതുവരെ തങ്ങളുടെ പ്രധാന വിദേശ സ്ട്രൈക്കറെ
കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. നാലാമത്തെ കാരണം, കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രോപ്പർ ഡിഫൻസീവ് മിഡ്ഫീൽഡർ ഫ്രഡ്ഢിക്ക് ഒരു ബാക്കപ്പ് ഓപ്ഷൻ സ്ക്വാഡിൽ ഇല്ല എന്നതാണ്. അഞ്ചാമത്തെ കാരണം, കേരള ബ്ലാസ്റ്റേഴ്സിൽ ഒരു പ്രോപ്പർ റൈറ്റ് ബാക്ക്, റൈറ്റ് വിംഗ് ഫോർവേഡ് കളിക്കാർ ഇല്ല എന്നതാണ്. ഈ പോരായ്മകളിൽ എത്രത്തോളം പരിഹരിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കും എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഓഗസ്റ്റ് അവസാനം ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുൻപ് ഇനി എന്ത് മാജിക് ആണ് കേരള ബ്ലാസ്റ്റേഴ്സ് കാണിക്കാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ. Kerala Blasters need theses 5 things to strengthen their squad before ISL