സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. രണ്ട് വർഷത്തേക്കാണ് കരാർ. 2026 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ കളിക്കും. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒഎഫ്ഐ ക്രീറ്റിനൊപ്പം 2023 സീസൺ കളിച്ച ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത്. ഡിപോർട്ടീവോ ലെഗാനെസിൻ്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയർ ആരംഭിച്ചത്. റിസർവ് ടീമിനൊപ്പം രണ്ട് സീസണിൽ കളിച്ചു. 2013-14 സീസണിൽ
അഗ്രുപാകിയോൻ ഡിപോർട്ടിവോ യൂണിയൻ അടർവെ, 2014-15 സീസണിൽ അലോർകോൺ ബി, 2015ൽ അത്ലറ്റിക്കോ പിന്റോ, 2015-16ൽ ക്ലബ് ഡിപോർട്ടിവോ ഇല്ലെക്കസ് ടീമുകൾക്കായും കളിച്ചു. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ എഫ്‌സി ടലവേരയിലാണ് മുപ്പതുകാരനായ സ്‌ട്രൈക്കറുടെ ആദ്യ കുതിപ്പ്. 2016-17 സീസണിൽ ജിമെനെസ് 33 മത്സരങ്ങളിൽ നിന്ന് 26 ലീഗ് ഗോളുകൾ നേടി. ക്ലബ്ബിനെ സെഗുണ്ട ബിയിലേക്ക് മുന്നേറാനും സഹായിച്ചു. രണ്ട് സീസണുകളിൽ കളിച്ച ജിമെനെസ് ടലവേരയ്‌ക്കായി എല്ലാ മത്സരങ്ങളിൽ നിന്നായി 36 ഗോളുകൾ നേടി. 68 മത്സരങ്ങളാണ് ആകെ കളിച്ചത്. ആറടി ഉയരവും 80 കിലോ ഭാരവും ഉള്ള ഈ മുന്നേറ്റ താരം
തുടർന്ന് പോളിഷ് ഒന്നാം ഡിവിഷൻ ടീം ഗോർണിക് സബ്രേസിൽ ചേർന്നു. ഗോർണിക്കിനൊപ്പം നാല് സീസണുകളിൽ 134 മത്സരങ്ങളിൽ ഇറങ്ങി. 43 ഗോളുകൾ നേടി. എല്ലാ മത്സരങ്ങളിലും (എക്സ്ട്രക്ലാസ, പോളിഷ് കപ്പ്, യൂറോപ്പ ലീഗ്) നിന്നുമായി 26 ഗോളിന് അവസരവുമൊരുക്കി. ഗ്രീസിലെ കളികാലഘട്ടത്തിനു മുൻപ് ജിമെനെസ് അമേരിക്കൻ എം എൽ എസ് ക്ലബ്ബുകളായ എഫ്‌സി ഡാളസിനും ടൊറൻ്റോ എഫ്‌സിക്കും വേണ്ടി കളിച്ചു. ഒമ്പത് ഗോളുകളും ആറ് എണ്ണത്തിന് അവസരവുമൊരുക്കി. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ച താരം ആദ്യ പ്രതികരണം നടത്തി.
When Jesús steps onto the field 🧨 #SwagathamJesus #KBFC #KeralaBlasters pic.twitter.com/HfeQpE5Shh
— Kerala Blasters FC (@KeralaBlasters) August 30, 2024
“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിൻ്റെ കാഴ്ചപ്പാടും എൻ്റെ ആഗ്രഹങ്ങളുമായി ഒത്തുപോകുന്നതാണ്. കളത്തിനകത്തും പുറത്തും ടീമിൻ്റെ വിജയത്തിനും മനോഹരമായ ഓർമ്മകൾ നിലനിർത്തുന്നതിനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” ജീസസ് ജിമെനെസ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ജീസസിനെ ക്ലബ് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന സീസണിൽ വലിയ പ്രകടനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. Kerala Blasters FC newest addition Spanish striker Jesus Jimenez first reaction