സർപ്രൈസസ് ഇൻ സ്‌റ്റോർ!! തിരക്കേറിയ ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് സജ്ജമായി

ഇന്ന് ഓഗസ്റ്റ് 31, ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ജാലകം അവസാനിക്കുകയാണ്. സാധാരണ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം അപ്രതീക്ഷിതമായതും ശ്രദ്ധേയമായതുമായ നിരവധി ട്രാൻസ്ഫറുകൾ നടക്കാറുള്ളത് സാധാരണയാണ്. ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചില ഞെട്ടിക്കുന്ന നീക്കങ്ങൾക്കാണ് അവസാന ട്രാൻസ്ഫർ ദിനം തയ്യാറെടുക്കുന്നത്. ഇക്കൂട്ടത്തിൽ പുതിയ കളിക്കാരെ 

ടീമിൽ എത്തിക്കുന്നതും ചിലരെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നതും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസിനെ സ്വന്തമാക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഇത് മഞ്ഞപ്പട ആരാധകർക്ക് വലിയ സന്തോഷം നൽകിയിരുന്നു. എന്നാൽ, ട്രാൻസ്ഫർ ദിനത്തിന്റെ അവസാന ദിനം രണ്ട് ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ നിരീക്ഷകൻ റെജിൻ ടി ജയ്സ് റിപ്പോർട്ട് ചെയ്തു. ബംഗളൂരു എഫ്സി താരം 

നംഗ്യാൽ ഭൂട്ടിയയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്ന ഒരു താരം. 25-കാരനായ ഡിഫൻഡറുമായി ഇതുവരെ എഗ്രിമെന്റ് ധാരണയായിട്ടില്ലെങ്കിലും, ഇനി വരുന്ന മണിക്കൂറുകളിൽ പോസിറ്റീവ് പ്രതികരണം ഉണ്ടാകാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇദ്ദേഹത്തെ കൂടാതെ ഒരു ഇന്ത്യൻ താരത്തെ കൂടി ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, ഘാന ഫോർവേഡ് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്‌സ് ലോണിൽ വിടാനുള്ള സാധ്യതയും നിലനിൽക്കുന്നു. 

ഒന്നിലധികം സോഴ്സുകൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, പെപ്രയെ 2024/25 ഐഎസ്എൽ സ്ക്വാഡിൽ ഉൾപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സ് താൽപര്യപ്പെടുന്നില്ല. അതേസമയം, ഓസ്ട്രേലിയൻ ഫോർവേഡ് ജോഷ്വാ സൊറ്റീരിയോയെയും റിലീസ് ചെയ്ത്, ഒരു വിദേശ താരത്തെ കൂടി ട്രാൻസ്ഫർ ഡെഡ്ലൈനിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങളായ പ്രീതം കോട്ടൽ, പ്രഭീർ ദാസ് എന്നിവരുടെ ഭാവിയുടെ കാര്യത്തിലും അവസാന ട്രാൻസ്ഫർ ദിനം നിർണായകമാകും. Kerala Blasters set for busy transfer deadline day