മുഹമ്മദൻസിന്റെ ചിറകരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, മഞ്ഞപ്പടയുടെ ഗോളുകൾ വീഡിയോ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം പതിപ്പിന് മുന്നോടിയായിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ, ഐഎസ്എല്ലിലെ പുതുമുഖക്കാരായ മുഹമ്മദൻ എസ്സിയുമായി കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിച്ചു. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പട വിജയം നേടി. ഇത് പുതിയ ഐഎസ്എൽ സീസണ് തയ്യാറെടുക്കുന്ന ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. 

നേരത്തെ, തായ്‌ലൻഡിൽ പ്രീസീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് ഇന്ത്യയിൽ എത്തി ഡ്യുറണ്ട് കപ്പിൽ പങ്കാളികളായി. എന്നാൽ, പ്രതീക്ഷിച്ച മുന്നേറ്റം ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് നടത്താൻ സാധിച്ചില്ല. ഇതോടെ കൊൽക്കത്തയിൽ തന്നെ തുടരാനും, കൂടുതൽ ഇന്ത്യൻ ടീമുകളുമായി മത്സരങ്ങൾ സംഘടിപ്പിക്കാനും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആണ് ഞായറാഴ്ച മുഹമ്മദൻസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയത്. 

മത്സരത്തിന്റെ ആദ്യ പകുതിയിൽ നോഹ സദോയ് ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ യോയ്ഹെൻബ മീതെയ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ നേടി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി. ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനെ തുടർന്ന് ഡ്യുറണ്ട് കപ്പ് മത്സരങ്ങൾ നഷ്ടമായ രാഹുൽ കെപി, സച്ചിൻ സുരേഷ് എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തിയതും പോസിറ്റീവ് കാര്യമാണ്. കൂടാതെ, 

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിംഗ് ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ആദ്യമായി മൈതാനത്ത് ഇറങ്ങി. സെപ്റ്റംബർ 15-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ  ആദ്യ ഐഎസ്എൽ മത്സരം. ഇന്ന് (സെപ്റ്റംബർ 9) കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. ഇന്ന് വൈകുന്നേരം കൊച്ചി ലുലു മാളിൽ, സ്‌ക്വാഡ് ലോഞ്ചിംഗ് ഉൾപ്പെടെയുള്ള പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്. Kerala Blasters Noah Sadaoui and Yoihenba Meitei goal against Mohammedan SC