“ഞങ്ങൾ 2026 ലോകകപ്പ് ഫൈനലിൽ ഉണ്ടാകും” ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയർ ഉറപ്പ് പറയുന്നു

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വേ ആണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഇതോടെ, 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള മത്സരം ബ്രസീലിന് കൂടുതൽ കടുപ്പമായി മാറിയിരിക്കുകയാണ്. നിലവിൽ 8 മത്സരങ്ങൾ കഴിയുമ്പോൾ, മൂന്ന് കളികളിൽ മാത്രമാണ് ബ്രസീലിന് വിജയിക്കാൻ സാധിച്ചിരിക്കുന്നത്. 

ഒരു മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ, നാല് മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെടുകയായിരുന്നു. 2024 ഫിഫ ലോകകപ്പിലെ മോശം പ്രകടനത്തിനെ തുടർന്ന്, പരിശീലകൻ ആയിരുന്ന ടീറ്റെ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പരിശീലകനെ കണ്ടെത്താൻ ബ്രസീൽ കാലതാമസം നേരിട്ടു. ഒടുവിൽ ബ്രസീലിയൻ പരിശീലകനായ ഡോറിവൽ ജൂനിയറിനെ ദേശീയ ടീമിന്റെ ചുമതല ഏൽപ്പിച്ചു. എന്നാൽ, അദ്ദേഹത്തിന് കീഴിൽ താളം കണ്ടെത്താൻ ബ്രസീൽ പാടുപെടുകയാണ്. അതേസമയം, 

നിരാശാജനകമായ ഫോം നിലനിൽക്കെ തന്നെ, തന്റെ ശുഭാപ്തി വിശ്വാസം പങ്കുവെച്ചിരിക്കുകയാണ് ബ്രസീൽ പരിശീലകൻ. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അവസാന നാലിൽ ഇടം പിടിക്കാൻ സാധിക്കാതിരുന്ന ബ്രസീൽ ടീം, 2026 ലോകകപ്പിൽ ഫൈനലിൽ എത്തും എന്നാണ് പരിശീലകൻ ഡോറിവൽ ജൂനിയർ വിശ്വസിക്കുന്നത്. “ഞങ്ങൾ 2026 ലോകകപ്പ് ഫൈനലിൽ ഉണ്ടാകും. ഞങ്ങൾ ഫൈനലിസ്റ്റുകൾ ആകും. ഞാൻ ഇത് പറയുമ്പോൾ നിങ്ങൾക്ക് എന്നെ ഇമേജനറി ലോകത്താണെന്ന് കരുതാം. എനിക്കൊരു സംശയവുമില്ല. ഞങ്ങൾ അവിടെ ഉണ്ടാകും,” പരാഗ്വേക്ക്‌ എതിരായ 

മത്സരം നടക്കുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഡോറിവൽ ജൂനിയർ പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ ശുഭ വിശ്വാസത്തിനും പ്രതീക്ഷക്കും വീണ്ടും മങ്ങൽ ഏൽപ്പിക്കുന്ന പ്രകടനമാണ് ബ്രസീൽ പരാഗ്വേക്കെതിരെ കാഴ്ചവച്ചത്. ഒക്ടോബറിൽ ആണ് ഇനി ബ്രസീലിന് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഉള്ളത്. ഒക്ടോബർ 11-ന് ചിലി, ഒക്ടോബർ 16-ന് പെറു എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ലോകകപ്പിൽ ഇടം ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങളിൽ ബ്രസീലിന് വിജയം അനിവാര്യമാണ്. Brazil coach Dorival Junior predicts 2026 World Cup final berth