“വിമർശിച്ചാലും, അവർ കളി കാണാനും പിന്തുണക്കാനും മടങ്ങി വരും” ആരാധകർക്ക് രാഹുൽ കെപിയുടെ ഉറപ്പ്

ഐഎസ്എൽ 2024/25 സീസണ് ഇന്ന് തുടക്കം ആകുമ്പോൾ, എല്ലാ മലയാളി ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് വേണ്ടിയാണ്. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെ സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഐഎസ്എൽ മത്സരത്തിന് ഇറങ്ങുമ്പോൾ, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിറഞ്ഞു കവിയും എന്ന കാര്യം ഉറപ്പാണ്. 10 വർഷമായി ക്ലബ്ബ് രൂപീകരിച്ചിട്ടെങ്കിലും 

ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. ഇതിന്റെ അമർഷം ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നുമുണ്ട്. ഇത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി താരം രാഹുൽ കെപി തുറന്ന് സംസാരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്, ആരാധകരുടെ ദുഃഖത്തെക്കുറിച്ച് രാഹുൽ മനസ്സ് തുറന്നത്. മാത്രമല്ല, മഞ്ഞപ്പടക്ക് ഒരു 

ഉറപ്പ് കൂടി അദ്ദേഹം നൽകുന്നു. “ഏറ്റവും വിശ്വസ്തരായ ആരാധകരുള്ള ക്ലബ്ബാണിത്! കൂടുതൽ എന്ത് പറയാൻ? ക്ലബ്ബിനോട് ഇത്രയും കൂറുപുലർത്തുന്ന ആരാധകർ വേറെയില്ല. വിമർശിച്ചാലും, അവർ കളി കാണാനും പിന്തുണക്കാനും മടങ്ങി വരും,” കേരള ബ്ലാസ്റ്റേഴ്സ് ഫോർവേഡ് ഉറച്ച് വിശ്വസിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു ട്രോഫി നേടാൻ ആകാത്തതിലുള്ള തന്റെ ദുഃഖവും രാഹുൽ മറച്ചു വെച്ചില്ല. “ട്രോഫി നേടാൻ ആകാത്തതിൽ ദുഃഖമുണ്ട്. 

ഫുട്ബോളിനെ സ്നേഹിച്ചാണ് ഞാൻ വളർന്നത്. ആരാധകരുടെ നിരാശ എനിക്കറിയാം. അത് മാറ്റാൻ ഞാൻ സാധ്യമായതെല്ലാം ചെയ്യും,” രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പു നൽകി. പരിശീലകൻ ഉൾപ്പെടെ നിരവധി മാറ്റങ്ങളുമായി ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കളിക്കളത്തിൽ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ മുൻ സീസണുകളിൽ നിന്ന് ടീമിനെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. Rahul KP assures Kerala Blasters fans of his commitment to winning a trophy