പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാർട്ടിങ് ലൈനപ്പ്, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിക്കില്ല

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11ആം പതിപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് 7:30 -ന് മത്സരം ആരംഭിക്കും. പഞ്ചാബ് എഫ് സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സ് – പഞ്ചാബ് എഫ്സി മത്സരത്തിന്റെ ലൈനപ്പ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സീസണിലെ ആദ്യ മത്സരം ആയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മത്സരത്തെ നോക്കി കാണുന്നത്.

കഴിഞ്ഞ സീസണിലെ പാതി മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കാൻ തിരിച്ചെത്തിയിരിക്കുന്നു. സന്ദീപ് സിങ്, മിലോസ് ഡ്രിൻസിക്, പ്രീതം കോട്ടൽ, മുഹമ്മദ് സഹീഫ് എന്നിവർക്കാണ് ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാക്കാനുള്ള ഉത്തരവാദിത്വം. ഇക്കൂട്ടത്തിൽ മലയാളി താരം സഹീഫിന്റെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ഐഎസ്എൽ അരങ്ങേറ്റം ആണ് ഇന്നത്തെ മത്സരം.

പഞ്ചാബിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ പ്രധാന അഭാവം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടേതാണ്. തന്റെ കുഞ്ഞിന്റെ ജന്മസമയത്ത് പങ്കുചേരുന്നതിനു വേണ്ടി അദ്ദേഹം നാട്ടിലേക്ക് തിരിച്ചിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സുമായി ചേരാൻ വൈകിയതാണ് ലൂണക്ക് ആദ്യ മത്സരം നഷ്ടമാകാൻ കാരണമായിരിക്കുന്നത് എന്നാണ് കരുതുന്നത്. മലയാളി താരങ്ങൾ ആയ രാഹുൽ കെപിയും മുഹമ്മദ് ഐമനും മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിങ്ങുകളിൽ കളിക്കും. സെന്റർ പൊസിഷനിൽ ഫ്രെഡ്‌ഡിയും അലക്സാണ്ടർ കോഫും ആണ് കളിക്കുക.

ഇക്കൂട്ടത്തിൽ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫിന്റെ അരങ്ങേറ്റമാണ് ഇന്ന് നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ മൊറോക്കൻ താരം നോഹ സദോയിയും ഘാന താരം ക്വാമി പെപ്രയും കളിക്കും. ഗോവക്ക് വേണ്ടി ഐഎസ്എൽ അനുഭവ സമ്പത്ത് ഉണ്ടെങ്കിലും, നോഹയുടെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഐഎസ്എൽ അരങ്ങേറ്റമാണ് ഇന്ന് നടക്കുന്നത്. ജീസസ് ജിമിനാസ്, മുഹമ്മദ് അസ്ഹർ, വിബിൻ, ഹോർമീപാം ഉൾപ്പെടെയുള്ള താരങ്ങൾ പകരക്കാരായി ഇറങ്ങാൻ തയ്യാറാണ്. Kerala Blasters vs Punjab FC lineups