പഞ്ചാബിനെതിരായ ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരിൽ ഒരാളാണ് ഡിഫൻഡർ മിലോസ് ഡ്രിൻസിക്. 90+5-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിഴവ് മുതലെടുത്താണ് പഞ്ചാബ് മത്സരത്തിലെ വിജയ ഗോൾ നേടിയത് എങ്കിലും, കളിയുടെ 85-ാം മിനിറ്റ് വരെ പഞ്ചാബിനെ ഗോൾ നേടുന്നതിൽ നിന്ന് പ്രതിരോധിക്കുന്നതിൽ മികച്ച പങ്കാളിത്തമാണ് മിലോസ് നടത്തിയത്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആയ മിലോസ് ഡ്രിൻസിക് ആണ് പഞ്ചാബിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ആംബാൻഡ് ധരിച്ചത്. ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരത്തിൽ, അതും സ്വന്തം കാണികൾക്ക് മുന്നിൽ ടീമിന്റെ നായകൻ എന്ന നിലയിൽ ഉത്തരവാദിത്വം ഈ മോന്റിനെഗ്രൻ സെന്റർ ബാക്ക് പുലർത്തിയെങ്കിലും, ആഗ്രഹിച്ച ഫലം ടീമിന് കണ്ടെത്താൻ സാധിക്കാത്തതിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് മിലോസ് ഡ്രിൻസിക്.
“ഞങ്ങൾ ആഗ്രഹിച്ച ഫലം അല്ല സംഭവിച്ചത്, പക്ഷേ നമ്മൾ ഒരുമിച്ച് നിൽക്കുകയും ഒരുമിച്ച് വിശ്വസിക്കുകയും വേണം. എപ്പോഴും ഞങ്ങളെ പിന്തുണച്ചതിന് നന്ദി! അടുത്ത ഹോം ഗെയിം ജയിച്ച് വലിയ കാര്യങ്ങൾ സൃഷ്ടിക്കാം!” മിലോസ് ഡ്രിൻസിക് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. സീസണിലെ ആദ്യം മത്സരത്തിൽ തന്നെ പരാജയം വഴങ്ങിയത് നിരാശാജനകമായ തുടക്കമായി കാണുന്നതിനു പകരം, തെറ്റുകുറ്റങ്ങൾ പഠിക്കാനുള്ള അവസരമായി കാണാനും
അടുത്ത മത്സരങ്ങളിൽ അത് തിരുത്തും എന്ന് ഉറച്ച് വിശ്വസിക്കാനും ഉള്ള കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിബദ്ധതയാണ് മിലോസ് ഡ്രിൻസിക്കിന്റെ വാക്കുകളിൽ പ്രകടമാകുന്നത്. സെപ്റ്റംബർ 22-ന് ഈസ്റ്റ് ബംഗാളിന് എതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരം. ഈ മത്സരവും കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആയിരിക്കും നടക്കുക. തീർച്ചയായും ഈ മത്സരത്തിൽ വിജയം നേടി, പോയിന്റ് പട്ടിക ഓപ്പൺ ചെയ്യാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. Kerala Blasters vice-captain Milos Drincic calls for unity after loss