ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തിരിച്ചെത്തി, നോർത്ത് ഈസ്റ്റിനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഗുവാഹത്തിയിൽ

കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2024/25 സീസണിലെ ആദ്യ എവേ മത്സരത്തിന് തയ്യാറെടുക്കുകയാണ്. സെപ്റ്റംബർ 29 ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കൊച്ചിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ, പഞ്ചാബിനോട് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിനോട് വിജയം സ്വന്തമാക്കിയിരുന്നു. ഈസ്റ്റ് ബംഗാളിന് എതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ

ഗുവാഹത്തിയിലേക്ക്‌ പുറപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാൻ മറ്റൊരു കാര്യം കൂടി ഉണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ഡെങ്കി ഫീവർ മൂലം നഷ്ടമായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ചേർന്നിരിക്കുകയാണ്. ഗുവാഹത്തിലേക്ക് പുറപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം അഡ്രിയാൻ ലൂണയും ഉള്ളതിന്റെ ചിത്രങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ചു. ഇത് ആരാധകർക്ക് ശുഭ സൂചന നൽകുന്നു. നേരത്തെ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ, അഡ്രിയാൻ ലൂണയുടെ 

മടങ്ങിവരവുമായി ബന്ധപ്പെട്ട് പ്രതികരിച്ചപ്പോൾ, വ്യക്തമായ ഒരു ഉത്തരം നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഡങ്കി ഫീവർ ആയിരുന്നതിനാൽ തന്നെ, അത് എപ്പോൾ ഭേദമാകും എന്ന കാര്യത്തിൽ പരിശീലകന് നിശ്ചയം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈസ്റ്റ് ബംഗാളിന് എതിരായ മത്സര ശേഷവും, അഡ്രിയാൻ ലൂണയുടെ അഭാവം തങ്ങൾ തിരിച്ചറിയുന്നുണ്ട് എന്നും, ലൂണ എത്രയും വേഗം ടീമിനൊപ്പം ചേരണം എന്നാണ് ആഗ്രഹം എങ്കിലും അത് അടുത്ത മത്സരത്തിൽ (നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ) ഉണ്ടാകുമോ എന്ന കാര്യം 

തനിക്ക് ഉറപ്പ് പറയാൻ സാധിക്കില്ല എന്നും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ പ്രതികരണം. എന്നാൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരം കഴിഞ്ഞ് ഒരാഴ്ച പിന്നിടാറായപ്പോൾ അഡ്രിയാൻ ലൂണ ടീമിനൊപ്പം ചേർന്നിരിക്കുന്നു എന്ന ശുഭ വാർത്തയാണ് ബ്ലാസ്റ്റേഴ്സ് പങ്കുവെച്ചിരിക്കുന്നത്. ഇത് ആരാധകർക്ക് സന്തോഷവും ആവേശവും പ്രതീക്ഷയും നൽകുന്നതാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. Adrian Luna returns Kerala Blasters boosted ahead of North East United clash