മഞ്ഞക്കൊമ്പന്മാരെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മാച്ച് ഹൈലൈറ്റ്സ്

ഐഎസ്എൽ 2024/25 സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനിലയിൽ പിരിഞ്ഞു. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 1-1 എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില പാലിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് മത്സരത്തിന്റെ തുടക്കം മുതൽ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത്. അതേസമയം കൃത്യമായ ഇടവേളകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും മുന്നേറ്റങ്ങൾ ഉണ്ടായി. 

എന്നാൽ, മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഡെയിഞ്ചർ സോണിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്ട്രൈക്കർ അലായിദ്ധീൻ അജാറയ് ഗോൾ ആക്കി മാറ്റി. അജാറയുടെ പവർഫുൾ ഷോട്ട് സച്ചിൻ സുരേഷ് സേവ് ചെയ്യാൻ ശ്രമിച്ചെങ്കിലും, ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർക്ക് പന്ത് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല. എന്നാൽ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രത്യാക്രമണങ്ങൾക്ക് ആക്കം കൂട്ടി. 

ഇതിന്റെ ഫലമായി 67-ാം മിനിറ്റിൽ നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ കണ്ടെത്തി. ടീം വർക്കിന്റെ ഫലമായിയാണ് ഈ ഗോൾ പിറന്നത്. മികച്ച കൗണ്ടർ അറ്റാക്കിലൂടെ എതിരാളികളുടെ ബോക്സിന് അരികിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് നോഹ സദോയിലൂടെ നോർത്ത് ഈസ്റ്റിന്റെ വല കുലുക്കുകയായിരുന്നു. നോഹയുടെ ബോക്സിന് അരികിൽ നിന്നുള്ള ഒറ്റയാൾ മുന്നേറ്റവും, മികച്ച ഷോട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാൻ സഹായകരമായി. 

പിന്നീടും മത്സരത്തിൽ പല നാടകീയമായ രംഗങ്ങളും അരങ്ങേറി. രാഹുൽ കെപി-യെ ഫൗൾ ചെയ്തതിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡിഫൻഡർ അഷീർ അക്തറിന് റെഡ് കാർഡ് ലഭിച്ചു. ഹോം ടീം 10 ആളുകളിലേക്ക് ചുരുങ്ങിയതിന്റെ ആനുകൂല്യം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും, അത് മുതലെടുക്കാൻ അവർക്ക് സാധിച്ചില്ല. കളിയുടെ ഇഞ്ചുറി മിനിറ്റിൽ നിരവധി സുവർണ്ണാവസരങ്ങൾ ബ്ലാസ്റ്റേഴ്സിനെ തേടിയെത്തിയെങ്കിലും, ഗോൾ മാത്രം അകന്നു നിന്നു.