അഡ്രിയാൻ ലൂണ വീണ്ടും മൈതാനത്ത് സജീവമാകുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരായ മത്സരം സമനിലയിൽ കലാശിച്ചെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സന്തോഷവും പ്രതീക്ഷയും നൽകുന്ന ചില കാര്യങ്ങൾ കഴിഞ്ഞ രാത്രി ഗുവാഹത്തിയിൽ നടന്നു. അതിൽ പ്രധാനമായത്, കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ മൈതാനത്തേക്കുള്ള മടങ്ങിവരവാണ്. കഴിഞ്ഞ സീസണിലെ പകുതി മത്സരങ്ങളും പരിക്കു മൂലം നഷ്ടമായ

അഡ്രിയാൻ ലൂണക്ക്‌, ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരങ്ങളും നഷ്ടമായിരുന്നു. ഡെങ്കി പനി ബാധിച്ചതിനെ തുടർന്നാണ് ഉറുഗ്വായ് താരത്തിന് കൊച്ചിയിൽ നടന്ന മത്സരങ്ങൾ നഷ്ടമായത്. പനി ഭേദമായെങ്കിലും, പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ലൂണ ഉണ്ടായിരുന്നില്ല. ശേഷം, കളിയുടെ 80-ാം മിനിറ്റിൽ പകരക്കാരനായി ആണ് അഡ്രിയാൻ ലൂണ ഫീൽഡിൽ എത്തിയത്. 

ലൂണയുടെ മടങ്ങിവരവ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിൽ ആക്കി. തങ്ങളുടെ സൂപ്പർതാരത്തിന്റെ തിരിച്ചുവരവ് വലിയ പ്രതീക്ഷയാണ് ടീമിനും ആരാധകർക്കും നൽകുന്നത്. കഴിഞ്ഞ മത്സരത്തിൽ 15 മിനിറ്റ് സമയം മാത്രമാണ് കളിച്ചത് എങ്കിലും, അതിന്റെ പ്രാധാന്യം മത്സരശേഷം പരിശീലകൻ പറഞ്ഞു. “ലൂണ ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്. അദ്ദേഹത്തെ വീണ്ടും കളത്തിൽ എത്തിച്ചത് പ്രധാനപ്പെട്ട നിമിഷങ്ങളായിരുന്നു. കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടും. ഏതാനും ആഴ്ചകൾക്കുള്ളിൽ 

ഫിഫ (ഇന്റർനാഷണൽ മത്സരങ്ങൾ) ബ്രേക്കിന് ശേഷം അദ്ദേഹം മികച്ച നിലയിലാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ പറഞ്ഞു. സ്വീഡിഷ് പരിശീലകന്റെ കീഴിൽ നേരത്തെ ഡ്യുറണ്ട് കപ്പ് മത്സരങ്ങളിൽ ലൂണ കളിച്ചിട്ടുണ്ടെങ്കിലും, ഐഎസ്എല്ലിൽ ഇത് ആദ്യമായിയാണ് സ്റ്റാഹ്രെയുടെ കീഴിൽ ലൂണ കളിച്ചത്. ഒക്ടോബർ 3 വ്യാഴാഴ്ച ഒഡീഷക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. Adrian Luna return boosts Kerala Blasters hopes