“ഞാൻ മോശക്കാരൻ ആണ്, പക്ഷേ ഞാൻ മണ്ടനല്ല” കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വാക്കുകൾ

ഐഎസ്എൽ 2024-25 സീസണിലെ തങ്ങളുടെ ആറാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നാളെ (ഒക്ടോബർ 25) കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നിലവിൽ ലീഗിൽ അപരാജിതരായി തുടരുന്ന ബംഗളൂരു, ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ്. മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ ഇന്ന് മാധ്യമങ്ങളെ കണ്ട് സംസാരിച്ചു. 

കടുത്ത എതിരാളികളെ ആണ് നേരിടാൻ ഒരുങ്ങുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സമ്മതിച്ചു. “ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഒരു ടീമിനെയാണ് ഞങ്ങൾ നേരിടുന്നത്, അതിനാൽ ഇത് കഴിഞ്ഞ മത്സരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഗെയിമാണ്, എന്നാൽ ഈ മത്സരവും നമുക്ക് ജയിക്കണം എന്നതാണ് സമാനത,” മൈക്കിൾ സ്റ്റാഹ്രെ പറഞ്ഞു. ഈ സീസണിൽ നേരത്തെ ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരെ പരാജയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്,

“ഡ്യുറണ്ട് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച ടീമാണ് [ഇപ്പോൾ] ഞങ്ങളുടെത്,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മറുപടി പറഞ്ഞു. അതേസമയം, മത്സരം കൊച്ചിയിൽ നടക്കുന്നതിന്റെ ആവേശം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മറച്ചു വെച്ചില്ല. “ഊർജ്ജസ്വലമായ തരത്തിലുള്ള ഫുട്ബോൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ആരാധകർക്ക് അത് അനുഭവിക്കാൻ കഴിയും, അതാണ് ഓരോ ഹോം മത്സരത്തിലും ഞങ്ങളുടെ ലക്ഷ്യം,” മൈക്കിൾ സ്റ്റാഹ്രെ കൂട്ടിച്ചേർത്തു. ബംഗളൂരുവിനെ നേരിടാനുള്ള 

പ്രത്യേക തന്ത്രങ്ങൾ എന്തായിരിക്കും എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, “എനിക്ക് ഇപ്പോൾ നിങ്ങളോട് തന്ത്രങ്ങൾ പറയാൻ കഴിയില്ല, ഞാൻ മോശക്കാരൻ ആണ്, പക്ഷേ ഞാൻ മണ്ടനല്ല,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ചിരിച്ചുകൊണ്ട് പറഞ്ഞു. മാത്രമല്ല, കഴിഞ്ഞ രണ്ട് ആഴ്ചകൾ മുമ്പുള്ളതിനേക്കാൾ, ഇന്ന് സ്ക്വാഡിൽ കൂടുതൽ ഓപ്ഷനുകൾ ഉണ്ട് എന്ന് പറഞ്ഞ പരിശീലകൻ, ഇന്ന് കൂടുതൽ പുതുമയുള്ളവരാണ് എന്നും കൂട്ടിച്ചേർത്തു. Mikael Stahre pre match talks about Kerala Blasters vs Bengaluru FC