“ഞങ്ങൾ മൂന്ന് മികച്ച കളിക്കാരാണ്” കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റ ത്രയത്തെക്കുറിച്ച് അഡ്രിയാൻ ലൂണ

ആദ്യ മത്സരത്തിലെ പരാജയം ഒഴിച്ച് നിർത്തിയാൽ പിന്നീട് അങ്ങോട്ട് സീസണിൽ തോൽവി അറിയാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മാത്രമല്ല സീസണിൽ ഇതുവരെ കളിച്ച എല്ലാ ഐഎസ്എൽ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ഗോൾ നേടി എന്നതും ശ്രദ്ധേയമാണ്. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയുടെ മികവ് എടുത്ത് കാണിക്കുന്നു. ജീസസ് ജിമിനസ്, നോഹ സദോയ്, ക്വാമി പെപ്ര എന്നിവരെല്ലാം ഇതിനോടകം 

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ, കഴിഞ്ഞ മൊഹമ്മദൻസിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മൈതാനത്തേക്ക് തിരിച്ചെത്തിയത് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ശക്തി പകരുന്നു. പരിക്കിൽ നിന്ന് പൂർണ്ണ മുക്തി നേടി ലൂണ ആദ്യമായിയാണ് ഈ സീസണിൽ [കഴിഞ്ഞ മത്സരത്തിൽ] 90 മിനിറ്റ് കളിച്ചത്. മൈതാനത്ത് മൊഹമ്മദൻസിനെതിരെ ലൂണ – നോഹ – ജിമിനസ് കൂട്ടുകെട്ട് മികച്ച നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റ ത്രയത്തെക്കുറിച്ച് ക്യാപ്റ്റൻ കൂടിയായ ലൂണ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയുണ്ടായി. “ഞങ്ങൾ മൂന്ന് മികച്ച കളിക്കാരാണ്. ഒരുമിച്ച് കളിക്കാൻ ഞങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്, ഇതുവരെ നോഹ മികച്ച പ്രകടനം കാഴ്ചവെക്കുന്നു, ജീസസും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ഞാൻ 90 മിനിറ്റ് കളിച്ചു. സീസണിലുടനീളം ഞങ്ങൾ നന്നായി കളിക്കും എന്ന് ഞാൻ കരുതുന്നു. പക്ഷേ ഇത് മൂന്നു കളിക്കാരെ കുറിച്ചല്ല [പറയുന്നത്], ടീമിനെ കുറിച്ചാണ്,” ലൂണ പറഞ്ഞു. 

അതേസമയം, വളരെ നാളുകൾക്ക് ശേഷം 90 മിനിറ്റ് സമയം കളിക്കാൻ സാധിച്ചതിനെക്കുറിച്ചും ലൂണ വാചാലനായി. “വളരെ നാളുകൾക്ക് ശേഷം എനിക്ക് 90 മിനിറ്റും (എംഡിഎസിനെതിരെ) കളിക്കാൻ കഴിഞ്ഞു, അതിനേക്കാൾ നന്നായി എനിക്ക് ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം, പക്ഷേ എൻ്റെ കാലിൽ മിനിറ്റുകൾ നേടേണ്ടത് പ്രധാനമാണ്, പക്ഷേ പ്രധാന കാര്യം ഞങ്ങൾ ഗെയിം വിജയിച്ചു എന്നതാണ്,” ലൂണ പറഞ്ഞു. ബംഗളൂരുവിനെതിരായ മത്സരം ഇന്ന് കൊച്ചിയിൽ നടക്കും. Adrian Luna on Kerala Blasters Noah Jesus star trio