കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിൽ നിന്ന് ഏറെ പ്രതീക്ഷയോടെ സൈൻ ചെയ്ത താരമാണ് പ്രബീർ ദാസ്. 30-കാരനായ റൈറ്റ് ബാക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാകും എന്ന് ആരാധകരും പ്രതീക്ഷിച്ചു. എന്നാൽ, 2023-24 സീസണിൽ 8 ലീഗ് മത്സരങ്ങൾ ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 13 മത്സരങ്ങൾ മാത്രമാണ് പ്രബീർ ദാസിന് കളിക്കാൻ സാധിച്ചത്. ശേഷിച്ച മത്സരങ്ങൾ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു. തുടർന്ന്,
ഇവാൻ വുകമനോവിക് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനം ഒഴിയുകയും, മൈക്കിൽ സ്റ്റാഹ്രെ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുക്കുകയും ചെയ്തതോടെ പ്രബീർ ദാസിന്റെ ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. ബംഗാൾ താരത്തെ കുറിച്ചുള്ള പ്രതികരണം ഒന്നും സ്റ്റാഹ്രെ പ്രത്യേകം പരാമർശിക്കാതെ വന്നതോടെ, അദ്ദേഹം ടീം വിടും എന്ന് അഭ്യൂഹം പോലും ഉയർന്നു വന്നു. എന്നാൽ, ഇപ്പോൾ തന്റെ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്
മുൻ മോഹൻ ബഗാൻ താരം കൂടിയായ പ്രബീർ ദാസ്. ഈ സീസണിൽ ഇതുവരെ ഒരു കളി പോലും പ്രബീർ ദാസ് കളിച്ചിട്ടില്ല. എന്നാൽ, താൻ പരിക്കിന്റെ പിടിയിൽ ആയിരുന്നു എന്നും, ഇപ്പോൾ പരിശീലനം പുനരാരംഭിച്ചിരിക്കുന്നു എന്ന സന്തോഷവും പ്രബീർ ദാസ് പങ്കുവെച്ചു. “ഒരു കളിക്കാരൻ്റെ യാത്രയിൽ, പരിക്കുകൾ തിരിച്ചടികളാണ്, എന്നാൽ പ്രതിരോധം തിരിച്ചുവരവിനെ കൂടുതൽ ശക്തമാക്കുന്നു. എല്ലാത്തിലും എനിക്കൊപ്പം നിന്ന ടീമിലെ എല്ലാവരോടും നന്ദിയുണ്ട്,” പ്രഭീർ ദാസ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.
“എൻ്റെ ബെസ്റ്റ് സെൽഫ് വീണ്ടും ലോഡ് ചെയ്യുന്നു!” കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ കൂട്ടിച്ചേർത്തു. നോഹ സദോയ്, നോറ ഫെർണാണ്ടസ്, ഡാനിഷ് ഫാറൂഖ് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങളും, റോയ് കൃഷ്ണ, ഇമ്മാനുവൽ ജസ്റ്റിൻ, നിഖിൽ പ്രഭു, ലിയോൺ അഗസ്റ്റിൻ തുടങ്ങിയ അദ്ദേഹത്തിന്റെ മുൻ സഹതാരങ്ങളും അദ്ദേഹത്തിന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, 2026 വരെ കോൺട്രാക്ട് നിലനിൽക്കുന്നതിനാൽ, പ്രബീർ ദാസ് ഇനിയും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടും എന്ന് ഉറപ്പിക്കാം.
Summary: Prabir Das Resumes Training: Kerala Blasters Defender Eyes Strong Comeback