മുൻ ഇന്ത്യൻ ഇന്റർനാഷണൽ അനസ് എടത്തൊടിക്ക പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 37-കാരനായ അനസ്, 2019 എ ഫ് സി ഏഷ്യൻ കപ്പ് ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂർ, മോഹൻ ബഗാൻ, ഗോകുലം കേരള തുടങ്ങി ഇന്ത്യയിലെ വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി അനസ് കളിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൂപ്പർ ലീഗ് കേരള ടീം മലപ്പുറം എഫ്സിക്ക് വേണ്ടിയാണ് അനസ് കളിച്ചത്. കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരളയിലെ
മലപ്പുറത്തിന്റെ അവസാന മത്സര ശേഷമാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. ലീഗിൽ മലപ്പുറം സെമി ഫൈനലിൽ എത്തിയിരുന്നില്ല. ഇതിന്റെ നിരാശ അനസിന് ഉണ്ടായിരുന്നെങ്കിലും, മലപ്പുറത്തുനിന്ന് കളി തുടങ്ങി മലപ്പുറത്ത് വെച്ച് തന്നെ അത് അവസാനിപ്പിക്കുന്നതിൽ തനിക്ക് സംതൃപ്തി ഉണ്ട് എന്ന് അനസ് പ്രതികരിച്ചു. മനസിന്റെ വിരമിക്കൽ പ്രഖ്യാപന സ്റ്റേറ്റ്മെന്റ് ഇങ്ങനെ, “എൻ്റെ ബൂട്ടുകൾ അഴിച്ച് പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറയാനുള്ള സമയമാണിത്. മലപ്പുറത്തെ വയലുകൾ മുതൽ ഇന്ത്യയിലുടനീളമുള്ള സ്റ്റേഡിയങ്ങൾ വരെ ഈ യാത്ര ഒരു സ്വപ്ന സാക്ഷാത്കാരമാണ്. കളിയോടുള്ള സ്‌നേഹവും, പ്രതീക്ഷകൾ നിറഞ്ഞ മനസ്സുമായിട്ടാണ് ഞാൻ ആരംഭിച്ചത്,
ഇന്ന്, എൻ്റെ ജന്മനാടായ മലപ്പുറത്ത് ഈ അധ്യായം അവസാനിപ്പിക്കാൻ ഞാൻ ഭാഗ്യവാനാണ്. വെല്ലുവിളികളും വിജയങ്ങളും അമൂല്യമായ പാഠങ്ങളും നിറഞ്ഞ ഒരു യാത്രയാണ് ഞാൻ ആരാണെന്ന് രൂപപ്പെടുത്തിയത്. ഉയർച്ചയിലും താഴ്ചയിലും എനിക്കൊപ്പം നിന്ന എല്ലാവർക്കും – എൻ്റെ കുടുംബം, പരിശീലകർ, ടീമംഗങ്ങൾ, എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ എന്നെ ഉയർത്തിയ ആരാധകർ – നന്ദി. എനിക്ക് തിരികെ നൽകാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഫുട്ബോൾ എനിക്ക് നൽകി, ഓരോ നിമിഷത്തിനും ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്.”
തന്റെ മുപ്പതാം വയസ്സിലാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് ആദ്യ കോൾ-അപ്പ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. തുടർന്ന് ദേശീയ ടീമിൽ രാജ്യത്തെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ എന്ന നിലക്കും ഒരു മലയാളി എന്ന നിലക്കും അനസ് തന്റെ പേര് എഴുതി ചേർത്തു. 2017-2019 കാലയളവിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച അനസ്, ഇന്ത്യൻ ജേഴ്സിയിൽ 21 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈ, പൂനെ ടീമുകൾക്ക് വേണ്ടി ഐലീഗ് കളിച്ച് സീനിയർ കരിയർ ആരംഭിച്ച അനസ്, ഡൽഹി ഡൈനാമോസിലൂടെയാണ് ഐഎസ്എൽ അരങ്ങേറ്റം നടത്തിയത്.
Summary: Indian defender Anas Edathodika say farewell to professional football