“എന്റെ റോൾ ഒന്ന് തന്നെയാണ്” നോഹയുടെയും പെപ്രയുടെയും അഭാവത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ

Adrian Luna confident despite missing Kwame Peprah and Noah Sadaoui: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (നവംബർ 7) കൊച്ചിയിൽ ഹൈദരാബാദ് എഫ്സിയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ, വലിയ ആശങ്കകൾ ആണ് മഞ്ഞപ്പടയുടെ സ്ക്വാഡിൽ നിന്ന് വരുന്നത്. പ്രധാനമായും മുന്നേറ്റ നിര കളിക്കാരുടെ ലഭ്യത ഇല്ലായ്മയാണ് ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങൾ കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച് 

തീർച്ച പറയാൻ സാധിക്കില്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ഹൈദരാബാദിനെതിരെ ഒരുപക്ഷേ കളിച്ചേക്കാം എന്നും, അതല്ലെങ്കിൽ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മാത്രമേ അദ്ദേഹം മൈതാനത്ത് തിരികെ എത്തു എന്നും മൈക്കിൾ സ്റ്റാഹ്രെ പറഞ്ഞു. ഇതിനിടെ മുംബൈ സിറ്റിക്ക് എതിരെ നടന്ന മത്സരത്തിൽ രണ്ട് മഞ്ഞക്കാർഡ് കണ്ടു പുറത്തായ ക്വാമി പെപ്രക്കും ഇന്നത്തെ മത്സരം നഷ്ടമാകും. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ഘാന താരത്തിന്റെ 

അഭാവം ടീമിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നു. എന്നാൽ, ഇതൊന്നും തങ്ങളുടെ ടീം ഗെയിമിനെ ബാധിക്കില്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പ്രീ-മാച്ച് പ്രസ് കോൺഫറൻസിൽ പറഞ്ഞത്. “പെപ്രയോ നോഹയോ ഒപ്പം ഉണ്ടായാലും ലഭ്യമല്ലെങ്കിലും എന്റെ റോൾ ഒന്ന് തന്നെയാണ്. ടീമിനെ മൊത്തത്തിൽ സഹായിക്കുക എന്നത് എനിക്ക് പ്രധാനമാണ്. ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം,” ലൂണ പറഞ്ഞു. 

രണ്ട് വിദേശ താരങ്ങളുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല എന്ന പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പങ്കുവെച്ചെങ്കിലും, ഹൈദരാബാദിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം കൃത്യമായി പ്രവർത്തിക്കുന്നതിന് അഡ്രിയാൻ ലൂണ കൂടുതൽ പ്രയത്നിക്കേണ്ടി വരും എന്ന കാര്യം വ്യക്തമാണ്. അതേസമയം, ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിത പരിക്ക് ഭേദമായി പരിശീലനം പുനരാരംഭിച്ചത് പ്രതീക്ഷ നൽകുന്നതാണ്. അദ്ദേഹം ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.