ഐഎസ്എൽ ചരിത്രത്തിൽ ഇടം നേടി കോറോ സിംഗ്!! കേരള ബ്ലാസ്റ്റേഴ്‌സ് താരം റെക്കോർഡുകൾ

മണിപ്പൂർകാരനായ കോറോ സിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഹൈദരാബാദിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽനിന്ന് സീനിയർ ടീമിലേക്ക് പ്രമോഷൻ നേടിയ ശേഷം ഇത് ആദ്യമായിയാണ് കോറോ സിംഗ് ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുന്നത്. മത്സരത്തിൽ 55 മിനിറ്റ് സമയം അദ്ദേഹം കളിക്കുകയും ചെയ്തു. ടീമിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഫലം ആണ് ഉണ്ടായതെങ്കിലും, 

കോറോ സിംഗ് ചില ശ്രദ്ധേയമായ റെക്കോർഡുകൾ സൃഷ്ടിച്ചു. ഹൈദരാബാദിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയതോടെ, 17 വയസ്സും 340 ദിവസവും മാത്രം പ്രായമുള്ള കോറോ സിംഗ്, ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ മാത്രം താരമായി മാറി. മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അദ്ദേഹത്തിന്റെ പേര് ചേർക്കപ്പെട്ടു. കൂടാതെ, ഇന്ത്യൻ സൂപ്പർ ലീഗിൽ 

പുതിയൊരു റെക്കോർഡ് കൂടി കോറോ സിംഗ് സൃഷ്ടിച്ചു. ഹൈദരാബാദിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആകെ ഒരു ഗോൾ മാത്രമാണ് നേടിയത്. കളിയുടെ 13-ാം മിനിറ്റിൽ ജീസസ് ജിമിനസ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് കോറോ സിംഗ് ആണ്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോറോ സിംഗ്. അതായത്, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കോറോ സിംഗ് റെക്കോർഡ് സ്ഥാപിച്ചു. ജെറി ലാൽറിൻസുവലയുടെ 

പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് ആണ് കോറോ സിംഗ് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള കോറോ സിംഗ്, നിലവിൽ ഇന്ത്യ അണ്ടർ 20 ടീമിന്റെ ഭാഗമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ കോറോ സിംഗിന്റെ ഫസ്റ്റ് ഇലവൻ അരങ്ങേറ്റം, ശ്രദ്ധേയമായ കണക്കുകൾ അലങ്കരിക്കപ്പെട്ടെങ്കിലും, ഹോം ഗ്രൗണ്ടിലെ തന്റെ ടീമിന്റെ പരാജയം അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ ആഘോഷത്തെ പരിമിതപ്പെടുത്തി. എന്നിരുന്നാലും വലിയ ഒരു പ്രതീക്ഷയാണ് ടീമിനും ആരാധകർക്കും കോറോ സിംഗ് നൽകിയിരിക്കുന്നത്. 

Summary: Korou Singh makes historic ISL record-breaking assist for Kerala Blasters