കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ പരിശീലകൻ ആയിരുന്നു സെർബിയക്കാരനായ ഇവാൻ വുകമനോവിക്. മൈതാനത്ത് ടീം ഇറങ്ങിയാൽ, കളി നടക്കുന്ന വേളയിൽ അമിതമായ ഭാവ പ്രകടനങ്ങൾ ഒന്നും തന്നെ ഇല്ല. മിതമായ ഭാഷയിൽ ആയിരുന്നു പ്രസ്സ് മീറ്റുകളിൽ പ്രതികരണം, എന്നാൽ മഞ്ഞപ്പട ആരാധകർക്ക് അദ്ദേഹത്തെ വലിയ ഇഷ്ടം ആയിരുന്നു. ഇവാൻ ആശാന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്,
അദ്ദേഹം ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്നതായിരുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ അൽപ്പം വ്യത്യസ്തനാണ്. മൈതാനത്ത് കളി നടക്കുന്ന വേളയിൽ, മത്സരത്തിന്റെ തീവ്രതക്കനുസരിച്ച് സ്റ്റാഹ്രെ പ്രതികരിക്കുന്നതാണ് കാണാൻ സാധിക്കുക. അത് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും ആരാധകർക്കും ആവേശം പകരുന്നു എന്നത് യാഥാർത്ഥ്യം തന്നെ. എന്നാൽ, ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലപ്പോഴും തുറന്നു പറയുന്നതിൽ സ്റ്റാഹ്രെ പിശുക്ക് കാണിക്കുന്നു എന്നാണ് ആരാധകരുടെ വിമർശനം. താരങ്ങളുടെ പരിക്ക് പോലും പ്രസ് മീറ്റിൽ സ്റ്റാഹ്രെ മറച്ചുവെക്കുന്നു.
നേരത്തെ, മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിന് മുൻപ് സ്‌ക്വാഡിലെ പരിക്കുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ, തനിക്ക് 24-25 കളിക്കാരോളം ലഭ്യമാണ് എന്നും, കഴിഞ്ഞ പരിശീലന സെഷൻ പൂർത്തിയായപ്പോൾ താൻ ഹാപ്പി ആണ് എന്നും ആയിരുന്നു പരിശീലകന്റെ മറുപടി. നോഹ, ഇഷാൻ പണ്ഡിത, സച്ചിൻ സുരേഷ് ഉൾപ്പെടെയുള്ള പ്രധാന കളിക്കാർ പരിക്കേറ്റ് പുറത്തിരിക്കുന്ന വേളയിലാണ് സ്റ്റാഹ്രെ ഈ പ്രതികരണം നടത്തിയത്. എന്നാൽ, അവർ ആരും തന്നെ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. ഏറ്റവും ഒടുവിൽ ഹൈദരാബാദിനെതിരായ മത്സരത്തിലും നിരവധി താരങ്ങൾ പരിക്ക് മൂലം ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന് പുറത്തായിരുന്നു.
ഈ സീസണിൽ ഇതുവരെ പ്ലെയിങ് സ്‌ക്വാഡിൽ ഉൾപ്പെടാത്ത പ്രഭീർ ദാസ്, ഇഷാൻ പണ്ഡിത എന്നിവരുടെ പരിക്കിനെ സംബന്ധിച്ച് പരിശീലകൻ യാതൊരു വ്യക്തതയും നൽകിയിരുന്നില്ല. ഇപ്പോൾ മൂന്ന് തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, തന്റെ സ്ക്വാഡിലെ ചില കളിക്കാർ ഇപ്പോഴും പരിക്കിന്റെ പിടിയിൽ ആണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മൈക്കിൾ സ്റ്റാഹ്രെ. “ഇരുവർക്കും (ഇഷാനും പ്രബീറും) പരിക്കേറ്റു, അവർ കൂടുതൽ കൂടുതൽ അടുക്കുന്നു (തിരിച്ചുവരവിന്), പക്ഷേ പരിക്ക് കാരണം കുറച്ച് സമയത്തേക്ക് അവർ ലഭ്യമല്ല,” സ്റ്റാഹ്രെ പറഞ്ഞു. Kerala Blasters fans frustrated with coach Stahre injury silence
Mikael Stahre 🗣️ “Both of them (Ishan & Prabir) have been injured, they are getting closer & closer but they are not available for a while because of injury.” @thatsMalayalam #KBFC pic.twitter.com/Hg28y2wGOu
— KBFC XTRA (@kbfcxtra) November 8, 2024