Kerala Blasters 3-0 win against Chennaiyin ISL 2024-25: ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ തിരിച്ചുവരവ് നടത്തി. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് കീഴ്പ്പെടുത്തി. നേരത്തെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്, ഇന്നത്തെ മത്സരത്തിലെ വിജയം ലീഗിൽ സുപ്രധാന തിരിച്ചുവരവാണ് സമ്മാനിച്ചിരിക്കുന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. എന്നാൽ ആദ്യ പകുതിയിൽ ശ്രമങ്ങൾക്ക് ഫലം കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ കളിയുടെ 56-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് ചെന്നൈയിനെതിരെ ആദ്യ വെടി പൊട്ടിച്ചു. കൊറോ സിംഗ് ആണ് ആദ്യ ഗോളിന് അസിസ്റ്റ് നൽകിയത്. തുടർന്ന് കളിയുടെ 70-ാം മിനിറ്റിൽ നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. അഡ്രിയാൻ ലൂണയാണ് ഈ ഗോളിന് വഴി ഒരുക്കിയത്.
മത്സരത്തിൽ മികച്ച പ്രകടനം ആണ് മൊറോക്കൻ ഫോർവേഡ് നോഹ പുറത്തെടുത്തത്. നോഹയുടെ മികച്ച മുന്നേറ്റത്തിന്റെ ഫലം ആയി രാഹുൽ കെപിയിലൂടെ കളിയുടെ ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ തങ്ങളുടെ മൂന്നാമത്തെ ഗോൾ നേടി. മത്സരത്തിലെ താരമായും നോഹ തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടെ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലീഗിലെ തങ്ങളുടെ മൂന്നാമത്തെ വിജയം ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രേഖപ്പെടുത്തിയത്.
നിലവിൽ 9 കളികളിൽ നിന്ന് മൂന്ന് വിജയങ്ങളും രണ്ട് സമനിലയും നാല് പരാജയങ്ങളും ഉൾപ്പെടെ 11 പോയിന്റുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ചെന്നൈനെതിരായ മത്സരത്തിൽ ആകെ നാല് ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകൾ ഉൾപ്പെടെ 17 ഷോട്ടുകൾ കേരള ബ്ലാസ്റ്റേഴ്സ് എതിർ ഗോൾവല ലക്ഷ്യമായി തൊടുത്തുവിട്ടു. 62% ബോൾ പൊസിഷൻ നിലനിർത്തുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികൾക്ക് മുന്നിൽ എതിരാളികൾക്കെതിരെ ആധിപത്യം പുലർത്തി.