Kerala Blasters 2024 December ISL matches fixture: ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താം റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതി അത്ര മികച്ചതല്ല. 10 മത്സരങ്ങളിൽ നിന്ന് ടീമിന് ആകെ നേടാൻ സാധിച്ചത് മൂന്ന് വിജയങ്ങൾ മാത്രമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്ത് തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്, ഈ ഡിസംബർ മാസത്തിൽ വലിയ വെല്ലുവിളികൾ ആണ് കാത്തിരിക്കുന്നത്. ശക്തരായ എതിരാളികളും,
എവേ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ നവംബർ മാസത്തിൽ മൂന്ന് ഹോം മത്സരങ്ങളുടെ ആനുകൂല്യം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. എന്നാൽ, അത് കൃത്യമായി പ്രയോജനപ്പെടുത്താൻ ടീമിന് സാധിച്ചിരുന്നില്ല. നവംബറിൽ കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ വിജയിച്ചപ്പോൾ, ശേഷിച്ച മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഡിസംബർ മാസത്തിൽ ശക്തമായ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സിന് നടത്തേണ്ടതുണ്ട്. ഡിസംബർ 7 ശനിയാഴ്ച,
ബംഗളുരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ ഇറങ്ങും. നേരത്തെ കൊച്ചിയിൽ ബംഗളൂരുവിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഇത്തവണ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഡിസംബർ മാസത്തിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മോഹൻ ബഗാൻ ആണ്. ഡിസംബർ 14 ശനിയാഴ്ച കൊൽക്കത്തയിൽ ആണ് മത്സരം. ഇരു ടീമുകളും ഈ സീസണിൽ ഇത് ആദ്യമായിയാണ് നേർക്കുനേർ വരുന്നത്. ഡിസംബർ 22-നാണ്
കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബർ മാസത്തിലെ ഏക ഹോം മത്സരം. മൊഹമ്മദൻസ് ആണ് എതിരാളികൾ. നേരത്തെ ഇരു ടീമുകളും കൊൽക്കത്തയിൽ ഏറ്റുമുട്ടിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു വിജയം. ഡിസംബർ മാസത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടും. മത്സരം ഡിസംബർ 29-ന് ജെആർഡി ടാറ്റാ സ്പോർട്സ് കോംപ്ലക്സിൽ നടക്കും. സീസണിലെ ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരമാകും ഇത്.