മലയാളി താരത്തെ വീണ്ടും ഐഎസ്എൽ സ്‌ക്വാഡിൽ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്

മലയാളി ഫുട്ബോളർമാർക്ക് അർഹമായ പ്രാധാന്യം നൽകുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. എല്ലായിപ്പോഴും പ്രാദേശിക കളിക്കാരെ വളർത്തിയെടുക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്താറുണ്ട്. ഇതിന്റെ ഫലം എന്നോണം, ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ പ്രധാന സാന്നിധ്യങ്ങളായി നിരവധി മലയാളി താരങ്ങൾ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ്, മധ്യനിരയിലെ പ്രധാന താരമായ വിപിൻ മോഹൻ, രാഹുൽ കെപി എന്നിവരെല്ലാം മേൽപ്പറഞ്ഞതിന് ഉദാഹരണമാണ്. 

ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് ഒരു നിർണായക തീരുമാനമെടുത്തിയിരിക്കുകയാണ്. അതായത്, ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സ്ക്വാഡിലേക്ക് മലയാളി സെന്റർ ബാക്ക് ബിജോയ് വർഗീസിനെ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിരിക്കുന്നു. 2021-ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽനിന്ന് സീനിയർ ടീമിലേക്ക് പ്രമോഷൻ നേടിയ ബിജോയ്, ക്ലബ്ബിനോടൊപ്പമുള്ള തന്റെ ആദ്യ സീസണിൽ 5 ഐഎസ്എൽ മത്സരങ്ങൾ ഉൾപ്പെടെ ആകെ 6 മത്സരങ്ങൾ കളിച്ചു. ശേഷം, 2022-23 സീസണിൽ 

ബിജോയ്‌ക്ക്‌ ടീമിൽ അവസരങ്ങൾ പാടെ കുറഞ്ഞു. സീസണിൽ ഒരു ലീഗ് മത്സരം ഉൾപ്പെടെ ആകെ രണ്ട് അപ്പിയറൻസ് മാത്രമാണ് അദ്ദേഹത്തിന് നടത്താൻ ആയത്. ശേഷം, 2023-24 സീസണിൽ ഐ-ലീഗ് ക്ലബ് ആയ ഇന്റർ കാശിയിലേക്ക് ബിജോയിയെ ബ്ലാസ്റ്റേഴ്സ് ലോൺ അടിസ്ഥാനത്തിൽ കൈമാറി. എന്നാൽ, അതിന് മുന്നോടിയായി 24-കാരനായ താരത്തിന്റെ സേവനം 2025 വരെ കേരള ബ്ലാസ്റ്റേഴ്സ് ഉറപ്പ് വരുത്തി. എന്നാൽ, 2024-25 സീസൺ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തിയ ബിജോയിയെ ഐഎസ്എൽ സ്ക്വാഡിൽ ഇതുവരെ ഉൾപ്പെടുത്തിയിരുന്നില്ല. 

ഇന്റർ കാശിയിൽ നിന്ന് പരിക്കേറ്റ ബിജോയ്, പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്റെ പരിശീലനത്തിൽ ആയിരുന്നു. ഇപ്പോൾ, താരത്തെ ഐഎസ്എൽ 2024-25 സ്ക്വാഡിൽ കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇതോടെ വരും മത്സരങ്ങളിൽ മഞ്ഞ കുപ്പായത്തിൽ മൈതാനത്ത് ബിജോയിയെ കാണാൻ സാധിക്കും. 2025 വരെ കോൺട്രാക്ട് നിലനിൽക്കുന്നതിനാൽ, ഈ സീസണിൽ ലഭിക്കുന്ന അവസരങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ, അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധിക്കുകയുള്ളൂ എന്ന കാര്യവും വ്യക്തമാണ്.

Summary: Kerala Blasters registered Bijoy Varghese in ISL squad