ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ പോയിന്റ് ടേബിൾ ടോപ്പേഴ്‌സ് മോഹൻബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ഡിസംബർ 14-ന് രാത്രി 7:30-നാണ് മത്സരം. സ്വന്തം ഹോമിൽ ഒരു മത്സരത്തിൽ പോലും തോൽവി നേരിടാതെയാണ് കൊൽക്കത്തൻ ക്ലബ് കുതിക്കുന്നത്. കേരളത്തിനാകട്ടെ, നിലവിലെ മോശം ഫോമിന് അന്ത്യം കുറിക്കേണ്ടത് അനിവാര്യമാണ്.
മോഹൻബഗാൻ സൂപ്പർ ജയന്റ്സ് സീസണിൽ ആകെ തോറ്റത് ഒരു മത്സരം, അതും ലീഗിൽ നിലവിൽ രണ്ടാമതുള്ള ബെംഗളൂരു എഫ്‌സിക്കെതിരെ അവരുടെ ഹോമിൽ. സ്വന്തം ഹോമിൽ തോൽവിയുടെ രുചിയറിയാത്ത ടീമാണവർ. കൊൽക്കത്തയിൽ കളിച്ച അഞ്ചെണ്ണത്തിൽ നാലെണ്ണത്തിലും ജയം. മൂന്ന് വീതം ഗോളുകളുമായി ജാമി മക്ലരെൻ, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാസോ എന്നിവർ ടീമിലെ ഗോൾവേട്ടക്കാരുടെ നിരയിൽ മുന്നിലുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് വ്യത്യസ്തരായ പത്ത് കളിക്കാർ ടീമിനായ ഇതുവരെ വല കുലുക്കിയിട്ടുണ്ട്. ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് മാറിനേഴ്‌സിന്റെ ഗ്രെഗ് സ്റ്റുവെർട്ടിന്റെ പേരിലാണ്.
മോശം എവേ റെക്കോർഡാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. അവസാന ആറ് മത്സരത്തിൽ ജയം ഒരെണ്ണത്തിൽ മാത്രം. തുടർച്ചയായി ഗോളുകൾ വഴങ്ങിയ ടീം, തുടർ തോൽവിയുമായി അവസാനത്തെ പന്ത്രണ്ട് എവേ മത്സരങ്ങളിൽ ഒരു ക്ലീൻ ഷീറ്റ് പോലും കണ്ടെത്തിയിട്ടില്ല. അവസാനത്തെ ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയം കണ്ടെത്തിയ ടീമിന് നിലവിലെ ടേബിൾ ടോപ്പേഴ്‌സുമായുള്ള മത്സരം തീർച്ചയായും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കും.
പ്രതിരോധ നിരയിലെ പ്രശ്നങ്ങൾ കേരളത്തിന് കൂടുതൽ തലവേദനയുണ്ടാക്കുന്നു. അവസാന മത്സരത്തിൽ മാത്രം ടീം വഴങ്ങിയത് നാല് ഗോളുകൾ. സീസണിൽ 11 മത്സരങ്ങളിൽ നിന്നും ഇതേവരെ വഴങ്ങിയത് 21 ഗോളുകൾ – ലീഗിൽ ഏറ്റവുമധികം. താരങ്ങളുടെ പിഴവുകളടക്കം ടീമിന് തിരിച്ചടിയാകുമ്പോൾ, ക്ലിനിക്കലായി ഗോളടിക്കുന്ന മോഹൻ ബഗാൻ ആധികാരിക വിജയമാകും മുന്നിൽ കാണുക. Kerala Blasters vs Mohun Bagan teams overview