കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ ആയിരുന്ന മൈക്കിൾ സ്റ്റാഹ്രെയെ പുറത്താക്കിയതിൽ സമ്മിശ്ര പ്രതികരണങ്ങൾ ആണ് വിവിധ കോണുകളിൽ നിന്ന് എത്തുന്നത്. പുരോഗമിക്കുന്ന ഐഎസ്എൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ദയനീയമാണ്. ടീമിന്റെ മോശം പ്രകടനത്തിന് പരിശീലകൻ ആണ് ഉത്തരവാദി എന്ന നിലക്കാണ് ഇപ്പോൾ മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കി നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ,
ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭ്യമാകുന്നത്. മികച്ച സ്ട്രാറ്റജി മൈതാനത്ത് നടപ്പിലാക്കുന്ന പരിശീലകൻ ആണ് മൈക്കിൾ സ്റ്റാഹ്രെ എന്ന് അഭിപ്രായപ്പെടുന്ന ഒരു വിഭാഗം ആരാധകർ, മികച്ച കളിക്കാരെ ടീമിൽ എത്തിക്കാത്ത മാനേജ്മെന്റ് ആണ് ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന് ഉത്തരവാദികൾ എന്നും അഭിപ്രായപ്പെടുന്നു. ഇപ്പോൾ, മൈക്കിൾ സ്റ്റാഹ്രെയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ഫുട്ബോൾ കമന്റെറ്റർ ഷൈജു ദാമോദരൻ.
മൈക്കിൾ സ്റ്റാഹ്രെയെ പുറത്താക്കിയതിൽ വിയോജിപ്പും ദുഃഖവും ആരാധകർ പങ്കുവെക്കുമ്പോൾ, അത്തരം ഒരു പ്രതികരണം ആണ് ഷൈജു ദാമോദരനും നടത്തിയിരിക്കുന്നത്. അതേസമയം, വലിയ ഒരു വിഭാഗം മഞ്ഞപ്പട ആരാധകർ ഈ തീരുമാനത്തിൽ മാനേജ്മെന്റിന് എതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ, അത്തരത്തിലുള്ള പ്രസ്താവനയിലേക്ക് ഷൈജു ദാമോദരൻ കടന്നില്ല. “ഫുട്ബോൾ ഒരു മനോഹരമായ ഗെയിം ആണ്, അത് ചിലപ്പോൾ ക്രൂരവും ആയേക്കാം,” ഷൈജു ദാമോദരൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ പ്രതികരിച്ചു.
മൈക്കിൾ സ്റ്റാഹ്രെ പുറത്താക്കപ്പെട്ട സാഹചര്യവും, അദ്ദേഹത്തിന് പുറത്താക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിർബന്ധിതരായ സാഹചര്യവും എല്ലാം ഉൾക്കൊള്ളുന്നതായിരുന്നു ഷൈജുവിന്റെ പ്രതികരണം. അതേസമയം, സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ആര് എത്തും എന്ന കാത്തിരിപ്പിലാണ് ആരാധകർ. ഉടൻ തന്നെ പുതിയ ഹെഡ് കോച്ചിനെ പ്രഖ്യാപിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്. Shaiju Damodaran Reacts to Michael Stahre dismissal