“ഞങ്ങൾ ഇതുപോലെ മുന്നോട്ട് പോകും” ഒഡിഷക്കെതിരെ പയറ്റി വിജയിച്ച തന്ത്രം വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Kerala Blasters interim coach TG Purushothaman reveals second-half strategy in Odisha win: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷക്കെതിരെ നേടിയ വിജയത്തിൽ, രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നടത്തിയ തിരിച്ചുവരവാണ് ടീമിന്റെ ഗെയിം പ്ലാനിന്റെ അടിത്തറയെന്ന് താൽക്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമൻ പറഞ്ഞു. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ടീമിന്റെ വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഡീഷ എഫ്‌സിക്കെതിരായ ഹോം ഗ്രൗണ്ടിൽ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ അപരാജിത കുതിപ്പ് നിലനിർത്തി. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോൾ പിന്നിലായിരുന്ന ശേഷമാണ് ടീം തിരിച്ചുവന്നത്. രണ്ടാം പകുതിയിൽ, കൊറൂ സിംഗിന്റെ അവിശ്വസനീയമായ പാസിലൂടെ ക്വാമെ പെപ്ര സമനില പിടിച്ചു. തുടർന്ന്, ജീസസ് ജിമെനെസിന്റെ വരവോടെ കളി മാറി. ജിമെനെസ് ലീഡ് ഗോൾ നേടിയതിന് പിന്നാലെ, നോഹ ഇഞ്ചുറി ടൈമിൽ വിജയ് ഗോൾ നേടി ടീമിന്റെ നട്ടെല്ലായി മാറി. രണ്ടാം പകുതിയിലെ ഊർജം ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്ന് പരിശീലകൻ അറിയിച്ചു.

“അത് ഞങ്ങളുടെ പദ്ധതികളുടെ ഭാഗമായിരുന്നു. അത് കർശനമായി പാലിച്ചു. 60 – 70 മിനിറ്റിനുശേഷം ഞങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് അത് പിന്തുടരുന്നത് വഴി ഞങ്ങൾക്കറിയാമായിരുന്നു. അതിനുള്ള പദ്ധതികൾ തയ്യാറാക്കി, അതായിരുന്നു ഞങ്ങളുടെ ഇന്നത്തെ ഗെയിം പ്ലാൻ. അത് നേടുകയും ചെയ്തു. മിക്കവാറും ചെറിയ കാര്യങ്ങളിൽ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്, ഞങ്ങൾ ഇതുപോലെ മുന്നോട്ട് പോകും,” പുരുഷോത്തമൻ പറഞ്ഞു.

വ്യക്തിഗത പിഴവുകൾ കേരള ബ്ലാസ്റ്റേഴ്സിൽ തിരക്കഥയെഴുതുയാണ്. ഇന്നത്തെ മത്സരത്തിൽ ഒഡീഷ നേടിയ രണ്ടു ഗോളുകളും പിറന്നത് ബ്ലാസ്റ്റേഴ്‌സ് നിരയിലെ താരങ്ങൾ വരുത്തിയ പിഴവിന്മേലാണ്. എന്നാൽ, ഈ പിഴവുകൾ വ്യക്തിഗതമെല്ലെന്നും ടീം ഒന്നായി നേടിയതാണെന്നും പരിശീലകൻ വ്യക്തമാക്കി. ഒരു കളിക്കാരൻ പിഴവ് വരുത്തിയാൽ ഉത്തരവാദിത്വം ടീമിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.