“എനിക്ക് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരണം” ഒഡിഷ നീക്കത്തെ കുറിച്ച് രാഹുൽ കെപി

Rahul KP opens up about his transfer to Odisha: മലയാളി താരം രാഹുൽ കെപി ഈ 2025 വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡിഷയിലേക്ക് മാറിയത് ആരാധകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. നേരത്തെ, സീസൺ ആരംഭിക്കുന്നതിന് മുൻപ് രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ ഗെയിം പ്ലാനിൽ രാഹുൽ ഉണ്ടായിരുന്നതിനാൽ അദ്ദേഹം ടീമിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ, 

സീസൺ പുരോഗമിക്കവേ രാഹുലിന് ബ്ലാസ്റ്റേഴ്സിൽ മത്സര സമയം കുറഞ്ഞുവരുന്ന കാഴ്ചയാണ് കണ്ടത്. ഇതിന് പിന്നാലെ ജനുവരിയിൽ അദ്ദേഹം ഒഡിഷയിലേക്ക് മാറുകയും ചെയ്തു. 24-കാരനായ രാഹുലിന് കേരള ബ്ലാസ്റ്റേഴ്സിൽ ഈ സീസൺ അവസാനം വരെ കരാർ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, 25 ലക്ഷം രൂപ ട്രാൻസ്ഫർ ഫീ നൽകിക്കൊണ്ടാണ് ഒഡിഷ മലയാളി താരത്തെ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. ഇപ്പോൾ, തന്റെ ട്രാൻസ്ഫറിനോട് മലയാള മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരിക്കുകയാണ് രാഹുൽ. 

കഴിഞ്ഞ തിങ്കളാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് – ഒഡിഷ മത്സരത്തിനു വേണ്ടി രാഹുൽ കൊച്ചിയിൽ എത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട താരം, തന്റെ ട്രാൻസ്ഫർ തനിക്ക് തന്നെ തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് വെളിപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സിന് തന്റെ കരാർ പുതുക്കാൻ ആഗ്രഹമില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് മാറാൻ നിർബന്ധിതനായത് എന്ന് രാഹുൽ വെളിപ്പെടുത്തി. തനിക്ക് ലഭിച്ച ഏക ഓഫർ ഒഡിഷയുടേത് ആയിരുന്നു എന്നും, അതുകൊണ്ടാണ് ഒഡിഷയിലേക്ക് പോയത് എന്നും രാഹുൽ പറഞ്ഞു. 

ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “തീർച്ചയായും, കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരിക എന്നതാണ് എന്റെ ആഗ്രഹം, ഞാൻ ഏറ്റവും മികച്ച ഫോമിൽ ആയിരിക്കുമ്പോൾ അത് സംഭവിക്കും,” രാഹുൽ പറഞ്ഞു. 2019 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ രാഹുൽ, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള രണ്ടാമത്തെ താരമാണ്.