നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തുകൾ

Resilient Kerala Blasters secure a point against Northeast United: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുപ്പതാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ഐബെൻബ ദോഹലിംഗ് പുറത്തുപോയപ്പോൾ ബാക്കിയുള്ള അറുപത് മിനിറ്റുകളും ആതിഥേയർ കളിച്ചത് പത്ത് പേരുമായി.

ഐബെൻ കളം വിട്ട ശേഷം, ഇടത് വിങ് ബാക്കിലേക്ക് സ്ഥാനം മാറിയ വിങ്ങർ കോറൂ സിംഗാണ് മത്സരത്തിലെ മികച്ച താരം. നോർത്ത്ഈസ്റ്റിന്റെ ക്ലിനിക്കൽ വിങ്ങർ അലാദീൻ അജൈറയെ കൃത്യമായി മാർക്ക് ചെയ്ത മണിപ്പൂരി വിങ്ങർ മത്സരത്തിലാകമാനം നടത്തിയത് അഞ്ച് ക്ലിയറൻസുകളും ഓരോ ഇന്റർസെപ്ഷനും ടാക്കിളും.

ഇന്നത്തെ മത്സരത്തിലെ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സ് 17 മത്സരങ്ങളിൽ നിന്നും അഞ്ച് ജയവും മൂന്ന് സമനിലയും എട്ട് തോൽവിയുമായി 21 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാകട്ടെ ലീഗിലെ ഏഴാമത്തെ സമനില വഴങ്ങി 17 മത്സരത്തിൽ നിന്നും ആറ് ജയവും നാല് തോൽവിയുമൊടെ 25 പോയിന്റുകളോടെ അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഇന്നത്തെ മത്സരത്തിലെ സമനിലയോടെ, ഹൈലാൻഡർസ് ഐഎസ്എല്ലിൽ അവസാനത്തെ നാല് മത്സരങ്ങളിലും സമനിലയിൽ പിരിഞ്ഞു. കേരളമാകട്ടെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമന് കീഴിലുള്ള അപരാജിത കുതിപ്പ് മൂന്ന് മത്സരങ്ങളിലേക്ക് വ്യാപിപ്പിച്ചു.

16 അവസരങ്ങളാണ് മത്സരത്തിലുടനീളം നോർത്ത്ഈസ്റ്റ് യുണൈറ്റഡ് സൃഷ്ടിച്ചത്, തൊടുത്തത് 19 ഷോട്ടുകളും. എന്നാൽ, ലക്ഷ്യത്തിലെത്തിയത് നാലെണ്ണം മാത്രവും. മൂന്ന് സേവുകളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ കാവലാൾ സച്ചിൻ സുരേഷ് ഇന്നത്തെ മത്സരത്തിൽ നിർണായകമായി. ലീഗിൽ തുടർച്ചയായ 81 മത്സരങ്ങൾക്ക് ശേഷമാണ് ആതിഥേയർ ഗോൾരഹിത സമനിലയിൽ മത്സരം അവസാനിപ്പിക്കുന്നത്. അവസാനമായി ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരം 0 – 0 യിൽ അവസാനിപ്പിച്ചത് 2021 നവംബർ 25-ന് ഇതേ ടീമിനെതിരെ തന്നെയായിരുന്നു.