മഞ്ഞപ്പട ബംഗാളിലെത്തി, നാളത്തെ അങ്കം സാൾട്ട് ലേക്കിൽ

Kerala Blasters team reached Kolkata to face East Bengal: ജനുവരി മാസത്തിലെ തങ്ങളുടെ രണ്ടാമത്തെ എവേ മത്സരത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ജനുവരി 24-ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇരു ടീമുകളും നേരത്തെ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. വിജയം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുമ്പോൾ, സീസണിലെ കഴിഞ്ഞ മത്സരങ്ങളിലെ തുടർച്ചയായ പരാജയങ്ങൾ മറികടന്ന്

വിജയ വഴിയിൽ മടങ്ങിയെത്താനാണ് ഈസ്റ്റ് ബംഗാൾ ഒരുങ്ങുന്നത്. 2025-ൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഈസ്റ്റ് ബംഗാൾ പരാജയപ്പെടുകയായിരുന്നു. അതേസമയം, ഈ പുതുവർഷത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ച 3 മത്സരങ്ങളിൽ അവർ അപരാജിതരായി തുടരുകയാണ്. രണ്ട് വിജയവും ഒരു സമനിലയും ആണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. 2025-ലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം പഞ്ചാബിനെതിരെ ആയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചു. 

ശേഷം, രണ്ട് ഹോം മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ വീണ്ടും ഒരു എവേ മത്സരത്തിന് സജ്ജരായിരിക്കുകയാണ്. അതിനുവേണ്ടി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബുധനാഴ്ച കൊൽക്കത്തയിൽ എത്തി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, നോഹ സദോയ്, മിലോസ് ഡ്രിൻസിക്, ക്വാമി പെപ്ര തുടങ്ങിയ വിദേശ താരങ്ങൾക്ക് ഒപ്പം, ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ ആയ ഡുശാൻ ലഗാറ്റോറും കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ലാൻഡ് ചെയ്തു. അതേസമയം, 

ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പുതിയ സൈനിങ് ആയ ബികാശ് യുംനം, ടീമിന്റെ അവസാന സെഷൻ പരിശീലനത്തിൽ പങ്കെടുത്തില്ല. അദ്ദേഹത്തോടൊപ്പം, പരിക്കിന്റെ പിടിയിൽ തുടരുന്ന മുഹമ്മദ്‌ ഐമാൻ, ഗോൾകീപ്പർ നോറ ഫെർണാണ്ടസ് എന്നിവരും പരിശീലനത്തിൽ പങ്കെടുത്തില്ല. ഇവർ ആരും തന്നെ ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ ഉണ്ടാകില്ല എന്നാണ് കരുതുന്നത്. അതേസമയം, പരിക്ക് മൂലം ഫീൽഡിന് പുറത്ത് തുടരുന്ന ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന പരിശീലന സെഷനിൽ പങ്കെടുത്തു.