മിലോസ് ഡ്രിൻസിക്കിനെ വിൽക്കാനുണ്ട്, ആവശ്യക്കാരുണ്ടോ? കേരള ബ്ലാസ്റ്റേഴ്‌സ് കിടിലൻ നീക്കം
Kerala Blasters are planning to release Milos Drincic: ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുൻപ് ചില സർപ്രൈസ് നീക്കങ്ങൾക്ക് കൂടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ഇതിനോടകം തന്നെ, ദുശാൻ ലഗാറ്റോർ എന്ന വിദേശ താരത്തെ എത്തിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഞെട്ടിച്ചിരുന്നു. കൂടാതെ, ബികാശ് യുംനം എന്ന യുവ സെന്റർബാക്കിനെയും സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ വീണ്ടും പ്രതിരോധ നിരയിൽ ഒരു അഴിച്ചുപണി നടത്താൻ തയ്യാറെടുക്കുകയാണ്.
പ്രീതം കോട്ടൽ, പ്രബീർ ദാസ് എന്നിവരെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ മിലോസ് ഡ്രിൻസിക്കിനെ വിൽക്കാൻ ഒരുങ്ങുകയാണ്. 2023 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ മോന്റിനെഗ്രിൻ സെന്റർബാക്കിനെ, ഈ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കിയിരുന്നു. 2023-ൽ ഒരു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ ഡ്രിൻസിക്കിനെ, പിന്നീട് രണ്ട് വർഷത്തേക്ക് കൂടി ബ്ലാസ്റ്റേഴ്സ് കരാർ നീട്ടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2026 വരെ ഡ്രിൻസിക്കിന് കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. എന്നാൽ,
ഇത് പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്രിൻസിക്കിന് പകരം മറ്റൊരു വിദേശ താരത്തെ എത്തിക്കാൻ ആണ് ബ്ലാസ്റ്റേഴ്സിന് ആഗ്രഹം. എന്നാൽ, ഇത് ഡ്രിൻസിക്കിന്റെ ഭാവിയെ അടിസ്ഥാനമാക്കി ആയിരിക്കും സംഭവിക്കുക എന്ന് ഖേൽനൗ ജേണലിസ്റ്റ് ആശിഷ് നെഗി റിപ്പോർട്ട് ചെയ്തു. ഡ്രിൻസിക്കിന്റെ കരാർ അടിയന്തരമായി അവസാനിപ്പിച്ച് അദ്ദേഹത്തെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമില്ല. മറിച്ച്,
ഡ്രിൻസിക്കിനെ നിലവിലെ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ലഭ്യമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് മികച്ച ഓഫറുമായി ആവശ്യക്കാർ വന്നാൽ വിട്ടു നൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകും. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമാകും കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരത്തെ സൈൻ ചെയ്യുന്നതിനായി ശ്രമിക്കുക. എന്നാൽ, ഈ നീക്കം പുരോഗമിക്കുന്ന ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുൻപ് നടത്താനും കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാണ് എന്നാണ് ദേശീയ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
🎖️💣 There is a possibility for Kerala Blasters to sign another foriegn player, signing will depend on Milos Drincic's future at the club. Club made Milos Drincic available in the market for sale. @7negiashish [ 💻 ~ @KhelNow ] #KBFC pic.twitter.com/IvAraAROxm
— KBFC XTRA (@kbfcxtra) January 23, 2025