കേരളത്തിനെതിരായ ഈസ്റ്റ് ബംഗാൾ വിജയം മലയാളി താരത്തിന്റെ തിളക്കത്തിൽ

Malayali winger Vishnu PV shines as East Bengal defeat Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ നാല് മത്സരങ്ങളുടെ അപരാജിത ഫോമിന് അന്ത്യമിട്ട് ഈസ്റ്റ് ബംഗാൾ എഫ്‌സി. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന ഏറ്റുമുട്ടലിൽ ആതിഥേയരുടെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. കൊൽക്കത്തൻ ക്ലബ്ബിനായി വിഷ്ണു പിവി (20′), ഹിജാസി മഹർ (72′) എന്നിവർ ലക്ഷ്യം ഭേദിച്ചു. കൊച്ചി ക്ലബ്ബിനായി ഡാനിഷ് ഫാറൂഖ് (84′) ആശ്വാസ ഗോൾ കണ്ടെത്തി.

2024 – 25 ഐഎസ്എൽ സീസണിൽ ടീമിന്റെ നിരശാജനകമായ ഫോമിലും ലീഗിൽ തന്റേതായ സ്ഥാനം രൂപപ്പെടുത്തിയ, ഇന്ന് നിർണായക ഗോൾ കണ്ടെത്തിയ കാസർഗോഡുകാരനായ മലയാളി വിങ്ങർ വിഷ്ണു പുതിയവളപ്പിലാണ് മത്സരത്തിലെ മികച്ച താരം. ഒരു ഗോളിനൊപ്പം ഒരു അവസരം കൂടി സൃഷ്‌ടിച്ച വിഷ്ണു, ആറ് തവണയാണ് എതിരാളിയുടെ ബോക്സിലേക്ക് പന്തുമായി പാഞ്ഞുകയറിയത്. അവസാനത്തെ മൂന്ന് മത്സരങ്ങളിലും തോൽവി നുണഞ്ഞ ഈസ്റ്റ് ബംഗാളിന് പ്ലേ ഓഫിലേക്കുള്ള നേരിയ പ്രതീക്ഷകളെ സജീവമാക്കാൻ ഈ ജയം സഹായിക്കും. സീസണിന്റെ ആദ്യം കൊച്ചിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇതേ സ്കോർ ലൈനിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു.

കളിയുടെ 20-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഫ്രീ കിക്ക് പ്രതിരോധിച്ച ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിൽ നിന്നും ലഭിച്ച പന്ത്, സിൽവ ആളൊഴിഞ്ഞ വലത് വിങ്ങിലേക്ക് നീട്ടി നൽകുന്നു. ഓടിയെടുത്ത മലയാളി വിങ്ങർ വിഷ്ണു പിവി, അത്യുജ്ജ്വലമായ ഫസ്റ്റ് ടച്ചിലൂടെ പന്ത് നിയന്ത്രിച്ച് ബോക്സിലേക്ക് കുതിച്ചു. താരമെടുത്ത ഷോട്ട് സച്ചിന്റെ കൈവിരലുകളിൽ തട്ടി ഗോൾവലയിൽ. മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ലീഡിൽ. സ്കോർ 1 – 0.

72-ാം മിനിറ്റിൽ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ലീഡ് ഇരട്ടിയാക്കി. മഹേഷ് നോറം എടുത്ത കോർണർ ചെന്നെത്തിയത് ജോർദാനിയൻ ഫുട്ബോളർ ഹിജാസി മഹറിന്റെ മുന്നിൽ. പന്ത് ഒരു വെടിയുണ്ട കണക്കെ വലയിലേക്ക് അദ്ദേഹം തലകൊണ്ട് ചെത്തിയിട്ടതോടെ സ്വന്തം ഹോമിൽ കൊൽക്കത്തൻ ടീം ആധിപത്യം ഉറപ്പിച്ചു. മത്സരം എൺപത് മിനിറ്റിലേക്ക് കടക്കാനൊരുങ്ങുമ്പോൾ വിബിന് പകരം ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്‌സ് നിരയിലും വിഷ്ണു പിവിക്ക് പകരം മാർക്ക് സോതൻപുയ ഈസ്റ്റ് ബംഗാൾ നിരയിലുമെത്തി. 83-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെടുത്ത കോർണറിനെ തുടർന്ന് ലഭിച്ച പന്ത് ബോക്സിന്റെ ഇടതു നിന്നും ഉതിർത്ത ഡാനിഷിന് പിഴച്ചില്ല. ഗോളിയെ കബളിപ്പിച്ച് പന്ത് വലയുടെ ഇടത് മൂലയിൽ പതിക്കുന്നു.