“ഒരു ക്യാപ്റ്റനെന്ന നിലയിൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു” നോഹയുമായുള്ള വഴക്കിൽ ലൂണയുടെ വിശദീകരണം

Adrian Luna apologizes after heated exchange with Noah Sadaoui: ചെന്നൈയിനെതിരായ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചില്ലെങ്കിലും, മത്സരത്തിന്റെ അവസാന വേളയിൽ സംഭവിച്ച ചില അനിഷ്ട കാര്യങ്ങൾ ആരാധകരെ അസ്വസ്ഥരാക്കി. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി നിൽക്കുന്ന വേളയിൽ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും നോഹ സദോയിയും തമ്മിൽ മൈതാനത്ത് കൊമ്പ് കോർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഇഞ്ചുറി മിനിറ്റിൽ നോഹക്ക് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്താൻ ഒരു സുവർണാവസരം ലഭിച്ചു. നോഹക്ക്‌ ഫിനിഷ് ചെയ്യാൻ ഫിഫ്റ്റി – ഫിഫ്റ്റി ചാൻസ് ആയിരുന്നെങ്കിലും, തന്റെ എതിർ വശത്ത് ഇഷാൻ പണ്ഡിത ഓപ്പൺ ചാൻസ് കാണിക്കുകയും ബോൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പാസ് നൽകുന്നതിന് പകരം ഗോൾ പോസ്റ്റ്‌ ലക്ഷ്യമാക്കാൻ ആണ് നോഹ ശ്രമം നടത്തിയത്. അത് ലക്ഷ്യത്തിൽ നിന്ന് ഏറെ വ്യത്യാസത്തിൽ പുറത്തു പോവുകയും ചെയ്തു. ഇതിന് പിന്നാലെ ഗോൾ അവസരം സെൽഫിഷ് ആയി കളഞ്ഞു കുളിച്ചതിൽ ലൂണ നോഹയോട് അതിർത്തി രേഖപ്പെടുത്തുകയും, ഇരുവരും കായികപരമായും വാക്കുകൾ കൊണ്ടും നേർക്കുനേർ വരികയും ചെയ്തു. 

ഇഷാൻ പണ്ഡിത കൃത്യസമയത്ത് ഇടപെട്ട് രണ്ടുപേരെയും പിരിച്ചുവിടുകയും ചെയ്ത ഈ സംഭവം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ മത്സരശേഷം ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ വിശദീകരണം നൽകി, “ഒരു ക്യാപ്റ്റനെന്ന നിലയിൽ ഞാൻ അദ്ദേഹത്തോട് (നോഹ) അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, അദ്ദേഹത്തിന് പാസ് ചെയ്യാൻ കഴിയുമായിരുന്ന ഒരു കളിക്കാരൻ ഉണ്ടായിരുന്നു… ഞാൻ ഡ്രസ്സിംഗ് റൂമിൽ അദ്ദേഹത്തോട് സംസാരിച്ച് ഇത് പരിഹരിക്കും, അദ്ദേഹത്തോട് കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.”

അതേസമയം, ഫുട്ബോളിൽ ഇത് തികച്ചും സ്വാഭാവികമാണ് എന്ന പ്രതികരണമാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടിജി പുരുഷോത്തമൻ നടത്തിയത്, “ഫുട്ബോളിൽ അത് തികച്ചും സ്വാഭാവികമാണ്, അതൊരു പ്രശ്നമല്ല. അവർ പ്രൊഫഷണലുകളാണ്, അത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് അവർക്കറിയാം, ഇപ്പോൾ അവർക്ക് കുഴപ്പമില്ല.” എന്തുതന്നെയായാലും കളിക്കാർ തമ്മിലുള്ള ഇത്തരത്തിലുള്ള പ്രവർത്തികൾ ടീമിന് ഗുണം ചെയ്യില്ല, അതുകൊണ്ട് തന്നെ ഈ വഴക്ക് എത്രയും പെട്ടെന്ന് ഒത്തുതീർപ്പാകട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.