കാലത്തിന്റെ വിധി രാഹുലിനെ തേടി എത്തി, പഞ്ചാബിനെതിരായ ചുവപ്പ് കാർഡ്

Rahul KP finally gets a red card against Punjab FC: അത്യന്തം നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ മത്സരമാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയത്. കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്സിയും പഞ്ചാബ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഒഡിഷ 10 പേരിലേക്ക് ചുരുങ്ങുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ, ഒഡിഷയുടെ മലയാളി താരം രാഹുൽ കെ പി ചുവപ്പുകാർഡ് കണ്ടു പുറത്ത് പോവുകയായിരുന്നു. അന്നേരം മത്സരം ഗോൾ രഹിത സമനിലയിൽ ആയിരുന്നു. 

എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി മിനിറ്റിൽ പഞ്ചാബ് ലീഡ് നേടുകയും, തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒഡീഷ സമനില ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു. മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ 10 പേരിലേക്ക് ചുരുങ്ങിയിട്ടും ഒഡിഷക്ക്‌ സാധിച്ചത് ശ്രദ്ധേയമായെങ്കിലും, രാഹുലിന്റെ ചുവപ്പ് കാർഡിനെ ചൊല്ലി വലിയ ചർച്ചയാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് പുരോഗമിക്കുന്നത്. പഞ്ചാബ് മിഡ്ഫീൽഡർ ഫിലിപ് മിർസ്ലാക്കിനെ ഫൗൾ ചെയ്തതിനാണ് രാഹുലിന് ചുവപ്പ് കാർഡ് കാണേണ്ടി വന്നത്. 

രണ്ട് തവണ രാഹുലിനെ മിർസ്ലാക്ക് ടാക്കിൾ ചെയ്യാൻ ശ്രമിച്ചപ്പോൾ, ഒഡിഷ താരം ബോൾ കൊണ്ട് വിദഗ്ധമായി ഒഴിഞ്ഞുമാറിയെങ്കിലും, അവസാനം ഫീൽഡിൽ വീണ പഞ്ചാബ് താരത്തിന്റെ കണങ്കാലിൽ രാഹുൽ ചവിട്ടുകയായിരുന്നു. ഗുരുതരമായ ഫൗൾ ആണ് സംഭവിച്ചെങ്കിലും, ഇത് രാഹുലിന്റെ ഭാഗത്തുനിന്ന് മനപ്പൂർവ്വമല്ലാതെ സംഭവിച്ച പിഴവ് മാത്രമാണ് എന്ന് റിപ്ലൈ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ, മാച്ച് റഫറി ഈ ഫൗളിന് ഡയറക്റ്റ് റെഡ് കാർഡ് വിധിക്കുകയായിരുന്നു. റെഡ് കാർഡ് നൽകേണ്ട സാഹചര്യം അല്ലായിരുന്നു എന്നാണ് വലിയ വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്. 

എന്നാൽ, മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടി ഇതുമായി ബന്ധപ്പെട്ട് ആരാധകരുടെ ചർച്ചകളിൽ ഉയർന്നുവരുന്നു. നേരത്തെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പഞ്ചാബിനെതിരെ കളിച്ച രാഹുൽ, പഞ്ചാബ് ക്യാപ്റ്റൻ ലൂക്കാ മാച്ചന് എതിരെ ഗുരുതരമായ ഫൗൾ ചെയ്യുകയും, പരിക്കേറ്റ അദ്ദേഹത്തിന് നിരവധി മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരികയും വേണ്ടിവന്നിരുന്നു. എന്നാൽ, ആ മത്സരത്തിൽ റെഡ് കാർഡ് ലഭിച്ചിരുന്നില്ല. കാലത്തിന്റെ വിധി എന്ന രൂപേണെ, പഞ്ചാബിനെതിരെ മനപ്പൂർവമല്ലാത്ത ഫൗളിന്റെ പേരിൽ ഇന്ന് രാഹുൽ പുറത്തു പോയിരിക്കുന്നു.