ബംഗാൾ പട കൊച്ചിയിൽ എത്തുമ്പോൾ, ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു – മാച്ച് പ്രിവ്യു

Kerala Blasters vs Mohun Bagan match preview: ഇന്ത്യൻ സൂപ്പർ ലീഗ് അതിനിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫിലേക്കുള്ള പോരാട്ടത്തിന് കടുപ്പമേറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിക്കെതിരെ ജനുവരി അവസാനം നേടിയ ആധികാരിക വിജയത്തിന്റെ ആക്കം നിലനിർത്താൻ ഇറങ്ങുന്ന ടീമിന്റെ അടുത്ത എതിരാളികൾ നിലവിലെ ടേബിൾ ടോപ്പേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. സ്വന്തം ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഫെബ്രുവരി 15-ന് രാത്രി 7:30നാണ് മത്സരം.

ഈ സീസണിൽ ഇതുവരെ 19 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഏഴ് ജയവും മൂന്ന് സമനിലയും ഒൻപത് തോൽവിയുമായി 24 പോയിന്റുകളോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. എന്നാൽ ഐഎസ്എൽ ഷീൽഡ് ലക്ഷ്യമാക്കിയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ കുതിപ്പ്. 20 മത്സരങ്ങളിൽ നിന്നും 14 ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 46 പോയിന്റുകളോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുന്നു.

അവസാനത്തെ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ ജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഇടവേളയ്ക്ക് ശേഷം സ്വന്തം ഹോമിൽ ഇറങ്ങുന്നത്. പ്ലേ ഓഫ് യോഗ്യതയിലേക്കുള്ള മത്സരം കൊടുമ്പിരി കൊണ്ടിരിക്കെ അതിനിർണായകമാണ് അടുത്ത മത്സരത്തിലെ ജയം. അവസാനത്തെ എട്ട് മത്സരങ്ങളിലും തോൽവിയറിയാതെ കുതിക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ ലക്ഷ്യം ഐഎസ്എൽ ഷീൽഡ് നിലനിർത്തുക എന്നതാണ്. അവസാനത്തെ അഞ്ചിൽ നാലും ജയിച്ച എഫ്‌സി ഗോവ രണ്ടാം സ്ഥാനത്ത് നിന്നും മാരിനേഴ്സിന് കടുത്ത വെല്ലുവിളി നൽകുന്നുണ്ട്. ഷീൽഡ് ഉറപ്പിക്കുന്നതിൽ കൊൽക്കത്തൻ ക്ലബിന് കൊച്ചിയിലെ ജയം നിർണായകമാണ്.

ഇതുവരെ ഒമ്പത് തവണ ഇരു ടീമുകളും ഐ‌എസ്‌എല്ലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഏഴ് മത്സരങ്ങളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റും ഒരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും വിജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ജിയോഹോട്സ്റ്റാർ ആപ്പിൽ ലഭ്യമാകും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിൽ സ്റ്റാർ സ്പോർട്സ് – 3 യിലും ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും മത്സരം തത്സമയം ലഭിക്കും.