“കളത്തിലുള്ള ഓരോ കളിക്കാരനും ടീമിനെ സഹായിക്കേണ്ടത് ഞങ്ങൾക്ക് അത്യാവശ്യമാണ്” സ്ഥാന മാറ്റത്തിൽ ലൂണയുടെ പ്രതികരണം

Adrian Luna ready to play any position for Kerala Blasters: കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിക്കളത്തിൽ സഹായിക്കുന്നതിനായി ഏത് പൊസിഷനിൽ കളിക്കാനും താൻ തയാറാണെന്ന് ക്ലബ്ബിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ചെന്നൈയിൻ എഫ്‌സിക്കെതിരായ ചരിത്ര വിജയത്തിന് ശേഷം, മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വീകരിക്കവേ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഐഎസ്എൽ വൃത്തങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗിൽ ഈ സീസണിൽ ചെന്നൈ ക്ലബ്ബിനെതിരെയുള്ള രണ്ടു മത്സരങ്ങളും ജയിച്ച്

ലീഗ് ഡബിൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയാണ് നിലനിർത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എവേ മൈതാനത്ത് ചെന്നൈയിൻ എഫ്‌സിക്കെതിരെ ആവേശ ജയം കണ്ടെത്തിയപ്പോൾ അതിന്റെ ചരടുവലികൾ നടത്തിയത് ലൂണയായിരുന്നു. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് മറീന അരീന എന്നറിയപ്പെടുന്ന ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ജയം കണ്ടെത്തുന്നത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ മൂന്ന് ഗോളുകളിൽ രണ്ടു ഗോളുകൾക്കും ചുക്കാൻ പിടിച്ചത് ലൂണയായിരുന്നു. മുൻ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി, ക്വമെ പെപ്രയെ അറ്റാക്കിങ് മിഡിൽ വിന്യസിച്ച ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ, ലൂണക്ക് നൽകിയത് സെൻട്രൽ മിഡ്ഫീൽഡറുടെ ജോലി. 

എന്നാൽ, കളിക്കളത്തിൽ ടീമിനെ സഹായിക്കാവുന്നിടത്തോളം ഏത് പൊസിഷനിൽ കളിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടിലെന്ന് ക്ലബ്ബിന്റെ നായകൻ വ്യക്തമാക്കി. “ഞാൻ ടീമിനെ സഹായിക്കുന്നിടത്തോളം, ഒരു മിഡ്ഫീൽഡറായോ ഒരു നമ്പർ 10 ആയോ കളിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. കളത്തിലുള്ള ഓരോ കളിക്കാരനും ടീമിനെ സഹായിക്കേണ്ടത് ഞങ്ങൾക്ക് അത്യാവശ്യമാണ്. ഇന്ന് അങ്ങനെയായിരുന്നു എന്നതിൽ ഞാൻ സന്തോഷവാനാണ്. പക്ഷേ, പരിശീലകൻ എന്നോട് ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും എനിക്ക് കളിക്കാൻ കഴിയും,” ലൂണ വ്യക്തമാക്കി. ഈ ജയത്തോടെ ആറാമതുള്ള മുംബൈ സിറ്റി എഫ്‌സിയോട് മൂന്ന് പോയിന്റുകൾ മാത്രം അകലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 

ഇനി ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിൽ ആകെ ശേഷിക്കുന്നത് അഞ്ച് മത്സരങ്ങൾ മാത്രം. ഓരോ മത്സരവും ഓരോ പോയിന്റും പ്ലേ ഓഫിലേക്ക് നിർണയമാണെന്നിരിക്കെ എല്ലാ മത്സരവും ഒരു ഫൈനലിന് തുല്യമാണെന്ന് ലൂണ പറഞ്ഞു. “പ്ലേഓഫിലേക്ക് യോഗ്യത നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പോയിന്റുകൾ അത്യാവശ്യമായ സ്ഥിതിയിലുള്ള ഞങ്ങൾക്ക് ഓരോ മത്സരമായെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ട്. ഇന്ന് ജയിക്കേണ്ടത് ഞങ്ങൾക്ക് അനിവാര്യമായിരുന്നു. ഇനി അടുത്ത മത്സരത്തിൽ ശ്രദ്ധ ചെലുത്തും. ഞാൻ പറഞ്ഞതുപോലെ, ഓരോ മത്സരമായെടുത്ത് മുന്നോട്ട് പോകുകയും ഓരോന്നിനെയും ഫൈനലിലെന്നപോലെ കാണുകയും വേണം. കാരണം പ്ലേഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ ഞങ്ങൾക്ക് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താൻ കഴിയില്ല,” അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.