Bikash Yumnam reunited with Hormipam Ruivah: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലേക്ക് പുതിയ ഒരു കൂട്ടിച്ചേർക്കൽ കൂടി സംഭവിച്ചിരിക്കുന്നു. ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ 21-കാരനായ ബികാശ് യുംനത്തെ ചെന്നൈയിൻ എഫ്സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുകയായിരുന്നു. വലിയ പ്രതീക്ഷയാണ് ഈ യുവ മണിപ്പൂരി താരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അർപ്പിക്കുന്നത്. അതുകൊണ്ടുതന്നെ 2029 വരെ നീണ്ടുനിൽക്കുന്ന ദീർഘകാല കരാറിൽ ആണ് ബികാശിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും കാരണങ്ങളിൽ ഒന്ന്, ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രതിരോധനിരയിലെ വിശ്വസ്തനായ ഹോർമിപാം ആണ്. നാല് വർഷങ്ങൾക്ക് മുൻപാണ് അന്ന് 20 വയസ്സ് മാത്രം പ്രായമുള്ള ഹോർമിപാമിനെ പഞ്ചാബ് എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. പിന്നീട്, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥിരം പേരുകളിൽ ഒരാളായി മാറിയ ഹോർമിപാം, ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ഹോർമിപാമിനൊപ്പം കളിച്ചു വളർന്ന താരമാണ് ബികാശ് യുംനം. ഇരുവരും ഒരുമിച്ച് മിനർവ പഞ്ചാബിന്റെ റിസർവ് ടീമിലും, പിന്നീട് സീനിയർ ടീമിലും കഴിച്ചു. സമാനമായി, 2019-20 സീസണിൽ ബികാശും ഹോർമിപാമും ലോൺ അടിസ്ഥാനത്തിൽ ഐലീഗ് ക്ലബ്ബ് ഇന്ത്യൻ ആരോസിലും ഒരുമിച്ച് കഴിച്ചു. ശേഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഹോർമിപാം കൂട് മാറിയപ്പോൾ, ചെന്നൈയിൻ എഫ്സിയാണ് 2023-ൽ ബികാശ് യുംനത്തെ ഐഎസ്എല്ലിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ, വർഷങ്ങളുടെ ഇടവേളക്ക് ശേഷം
ബികാശ് യുംനവും ഹോർമിപാമും കേരള ബ്ലാസ്റ്റേഴ്സിലൂടെ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഈ രണ്ട് മണിപ്പൂരി സെന്റർബാക്കുകളിൽ കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷയാണ് ഭാവിയിലേക്ക് അർപ്പിക്കുന്നത്. നിലവിൽ ഇന്ത്യ അണ്ടർ 19 ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള ബികാശ് യുംനം, കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം നടത്തി ദേശീയ അരങ്ങേറ്റം കുറിക്കാനാണ് ലക്ഷ്യം വെക്കുന്നത്. 2029 വരെ ബികാശ് യുംനം ടീമിൽ തുടരുമ്പോൾ, നിലവിൽ 2027 വരെ ഹോർമിപാമിനും ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ട്.