കേരള ബ്ലാസ്റ്റേഴ്സിൽ സന്ദേശ് ജിങ്കന്റെ പാരമ്പര്യം പേറാൻ ബികാശ് യുംനം

Bikash Yumnam joins Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും പുതിയതായി ടീമിൽ എത്തിച്ചിരിക്കുന്ന താരമാണ് ബികാശ് യുംനം. 21-കാരനായ സെന്റർ ബാക്കിനെ ചെന്നൈയിനിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിന് വേണ്ടി 31 മത്സരങ്ങൾ കളിച്ച ഈ മണിപ്പൂരി താരം, റൗണ്ട്ഗ്ലാസ് പഞ്ചാബിലൂടെ ഐലീഗിൽ ആണ് തന്റെ സീനിയർ കരിയർ ആരംഭിച്ചത്. 2029 വരെ നീണ്ടു നിൽക്കുന്ന ദീർഘകാല കരാറിൽ ആണ് ഇപ്പോൾ

ബികാശ് യുംനത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. തീർച്ചയായും ഇന്ത്യയുടെ ഭാവി താരമായി ഉയർന്നുവരും എന്ന് പ്രതീക്ഷിക്കുന്ന താരത്തെ കേരള ബ്ലാസ്റ്റേഴ്സും അതേ വീക്ഷണത്തിലാണ് നോക്കിക്കാണുന്നത്. നേരത്തെ, ഇന്ത്യൻ ദേശീയ ടീമിനെ അണ്ടർ 19 തലത്തിൽ ബികാശ് യുംനം പ്രതിനിധാനം ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രതിരോധ നിരയുടെ കരുത്തായ സന്ദേശ് ജിങ്കൻ ഉൾപ്പെടെ നിരവധി ഡിഫൻഡർമാരെ വളർത്തിക്കൊണ്ടുവന്നിട്ടുള്ള കേരള ബ്ലാസ്റ്റേഴ്സ്

തങ്ങളുടെ ആ പാരമ്പര്യം നിലനിർത്തുകയാണ് ബികാശ് യുംനത്തെ സൈൻ ചെയ്തതിലൂടെ. ഇപ്പോൾ ബികാശ് യുംനത്തിന്റെ സ്‌ക്വാഡ് നമ്പർ അനാവരണം ചെയ്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ ദീർഘകാലം കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന സന്ദേശ് ജിങ്കൻ അണിഞ്ഞ 21-ാം നമ്പർ ജേഴ്സി ആണ് ബികാശ് യുംനത്തിന് കേരള ബ്ലാസ്റ്റേഴ്സ് നൽകിയിരിക്കുന്നത്. 2015 മുതൽ 2020 വരെ സന്ദേശ് ജിങ്കൻ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ 21-ാം നമ്പർ ജേഴ്സി ധരിച്ചത്. 

ശേഷം, മലയാളി ഡിഫൻഡർ ബിജോയ് വർഗീസ്, ജാപ്പനീസ് വിംഗർ ഡൈസുകി സകായ് എന്നിവരും കേരള ബ്ലാസ്റ്റേഴ്സിന്റെ 21-ാം നമ്പർ ജേഴ്സി ധരിച്ചിട്ടുണ്ട്. പ്രഥമ ഐഎസ്എൽ സീസണിൽ ഇന്ത്യൻ മിഡ്ഫീൽഡർ ഗോഡ്വിൻ ഫ്രാങ്കോ ആണ് ഈ 21-ാം നമ്പർ ജഴ്സി ധരിച്ചത്. ശേഷം ഇംഗ്ലീഷ് ഫോർവേഡ് അന്തോണിയോ ജർമനും കേരള ബ്ലാസ്റ്റേഴ്സിന്റെ 21-ാം നമ്പറുകാരനായി. പിന്നീട്, സന്ദേശ് ജിങ്കനിലൂടെയാണ് 21-ാം നമ്പർ ജേഴ്സി കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ചരിത്രത്തിലെ ഐകോണിക് ജഴ്സികളിൽ ഒന്നായി മാറിയത്. ഇപ്പോൾ, ആ പാരമ്പര്യം പിന്തുടരാൻ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ബികാശ് യുംനത്തെ നിയോഗിച്ചിരിക്കുന്നത്.