ISL presenting the Fans’ Team of the Year for 2024: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ പാതി വഴിയിൽ എത്തി നിൽക്കുകയാണ്. ഇപ്പോൾ, 2024 വർഷം അവസാനിച്ചിരിക്കുന്ന വേളയിൽ, 2024-ലെ ഐഎസ്എൽ കളിക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ആരാധകർ വോട്ടെടുപ്പിലൂടെ ഫാൻസ് ടീം ഓഫ് ദി ഇയർ തിരഞ്ഞെടുത്തിരിക്കുകയാണ്. ഐഎസ്എൽ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ നൽകിയ ഓരോ പൊസിഷനിലേക്കും ഉള്ള ഓപ്ഷനുകളിൽ നിന്ന് ഏറ്റവും കൂടുതൽ ആരാധകർ വോട്ട് ചെയ്ത
കളിക്കാരെ ഉൾപ്പെടുത്തി കൊണ്ടാണ് ഫാൻസ് ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 11 കളിക്കാരും ഒരു കേരള ബ്ലാസ്റ്റേഴ്സ് താരം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. മോഹൻ ബഗാൻ ഗോൾകീപ്പർ വിശാൽ കെയ്ത് ആണ് 2024-ലെ മികച്ച ഗോൾകീപ്പർ ആയി ആരാധകർ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രതിരോധ നിരയിൽ മോഹൻ ബഗാൻ താരം സുഭാഷിഷ് ബോസ്, മുംബൈ സിറ്റിയുടെ ടിരി, ഒഡീഷയുടെ മൗർത്തദ ഫാൾ, ബംഗളൂരുവിന്റെ രാഹുൽ ബേക്കെ എന്നിവരാണ് സ്ഥാനം നേടിയിരിക്കുന്നത്. മധ്യനിരയിലേക്ക് വന്നാൽ,
മോഹൻബഗാന്റെ ഇന്ത്യൻ ഡിഫൻസിവ് മിഡ്ഫീൽഡർ അപ്പൂയ, ഗോവയുടെ ബോർജ ഹെരേര, ഒഡീഷയുടെ ഫ്യൂഗോ ബൗമസ് എന്നിവരെയാണ് ആരാധകർ തിരഞ്ഞെടുത്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇക്കൂട്ടത്തിൽ ഉൾപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലൂണയെ വോട്ടെടുപ്പിന് പരിഗണിച്ചിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും നോഹ സദോയിയെ മാത്രമാണ് വോട്ടെടുപ്പിലേക്ക് ഐഎസ്എൽ പരിഗണിച്ചത്. മോഹൻ ബഗാന്റെ ദിമിത്രിയോസ് പെട്രറ്റോസും നോഹയും വോട്ടെടുപ്പിൽ നേർക്കുനേർ വന്നപ്പോൾ,
64% വോട്ടുകളും സ്വന്തമാക്കി നോഹ ടീമിൽ ഇടം നേടി. നോഹക്കൊപ്പം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അലായിദ്ദീൻ അജാറൈ, മോഹൻ ബഗാന്റെ മൻവീർ സിംഗ് എന്നിവരാണ് ഐഎസ്എൽ ആരാധകർ തിരഞ്ഞെടുത്ത 2024-ലെ മികച്ച ടീമിൽ ഇടം കണ്ടെത്തിയത്. ടീമിന്റെ പരിശീലകനായി മുൻ മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ഹബാസ് 83% വോട്ടുകൾ സ്വന്തമാക്കി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈ സിറ്റി പരിശീലകൻ പീറ്റർ ക്രാട്കിയെ ആണ് അന്റോണിയോ ഹബാസ് മറികടന്നത്.