മുൻ ബാർസിലോണ പരിശീലകനായി കേരള ബ്ലാസ്റ്റേഴ്‌സ് !! വമ്പൻ പ്ലാനിനായി ഭീമൻ നീക്കം

കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തങ്ങളുടെ മുഖ്യ പരിശീലകനെ കണ്ടെത്തും എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇപ്പോൾ അത് നീണ്ടു പോകുന്ന കാഴ്ചയാണ് കാണുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ച ചില പരിശീലകർ, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുന്നോട്ടുവച്ച ഓഫർ നിരസിച്ചതാണ് ഇതിന്റെ പ്രധാന കാരണം. ഇതുവരെ ഐഎസ്എല്ലിന്റെ ഭാഗമല്ലാത്ത ഒരു വിദേശ പരിശീലകന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു എന്നും, എന്നാൽ അത് പരാജയപ്പെട്ടു എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, 

ഇപ്പോൾ മറ്റൊരു ശ്രദ്ധേയ നീക്കം കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ സെർജിയോ ലൊബേരയെ ഭാഗമാക്കാൻ ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നിരീക്ഷകനായ റെജിൻ ടി ജെയ്സ് റിപ്പോർട്ട് ചെയ്തത് പ്രകാരം, നിലവിൽ ഒഡിഷ എഫ്സിയുടെ പരിശീലകനായ  സെർജിയോ ലൊബേരയെ അടുത്ത സീസണ് മുന്നോടിയായി ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നു. അതേസമയം, 

ഇത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. 2023-ൽ ഒഡിഷയുടെ പരിശീലകനായ സെർജിയോ ലൊബേരയുടെ കരാർ, 2025 വരെയാണ് നിലനിൽക്കുന്നത്. ഈ കരാർ അവസാനിക്കുന്ന പക്ഷം, അടുത്ത സമ്മറിൽ സ്പാനിഷ് പരിശീലകനെ ഒപ്പം ചേർക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് പദ്ധതി. എന്നാൽ, നിലവിലെ സീസൺ പൂർത്തിയാക്കാൻ ഒരു മുഖ്യ പരിശീലകൻ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ് എന്ന സ്ഥിതിക്ക്, സെർജിയോ ലൊബേരയെ കൊണ്ടുവരാനുള്ള പദ്ധതി എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തിൽ തീർച്ചയില്ല. 

47-കാരനായ സെർജിയോ ലൊബേര, തന്റെ ഇരുപതാമത്തെ വയസ്സ് മുതൽ പരിശീലകന്റെ റോൾ അണിയുന്നതാണ്. ബാഴ്സലോണ യൂത്ത് ടീമിന്റെ പരിശീലകനായി കരിയർ ആരംഭിച്ച സെർജിയോ ലൊബേര, 2012-ൽ ബാഴ്സലോണയുടെ സഹപരിശീലകനായും ചുമതലവഹിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ, നേരത്തെ ഗോവ, മുംബൈ സിറ്റി എന്നീ ടീമുകളുടെ പരിശീലകനായും സെർജിയോ ലൊബേര പ്രവർത്തിച്ചിട്ടുണ്ട്. ഗോവക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ്, സൂപ്പർ കപ്പ് എന്നിവ നേടിയ സെർജിയോ ലൊബേര, മുംബൈക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡും, 2020-21 ഐഎസ്എൽ സീസൺ ജേതാക്കൾ ആവുകയും ചെയ്തു. Kerala Blasters are keen on luring in Sergio Lobera