“ഏറ്റവും മികച്ച കളിക്കാരൻ” മലയാളി താരത്തെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ മികച്ച പ്രകടനം ആണ് മലയാളി മിഡ്ഫീൽഡർ വിബിൻ മോഹനൻ കാഴ്ചവച്ചത്. അമ്മയുടെ മരണം മൂലവും, പരിക്ക് കാരണത്താലും വിബിന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള പ്രീസീസൺ മത്സരങ്ങൾ നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ പഞ്ചാബിനെതിരായ ആദ്യ ഐഎസ്എൽ മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ വിബിൻ ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന്, 

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് വിപിൻ കളിക്കളത്തിൽ എത്തിയത്. മുഹമ്മദ്‌ ഐമന്റെ പകരക്കാരനായി മൈതാനത്ത് എത്തിയ വിബിൻ, പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡ് കൺട്രോൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ മത്സരത്തിൽ 45 മിനിറ്റ് കളിച്ച വിബിനെ കുറിച്ച്, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ അഭിമാനം കൊള്ളുന്നു. മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്ന വേളയിൽ, പരിശീലകൻ മലയാളി താരത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, 

“[രണ്ടാം പകുതിയിൽ] വിബിൻ വന്നു. തായ്‌ലൻഡിലെ ക്യാമ്പിനിടെ വിബിന് പരിക്കേറ്റു. അതിനുശേഷം ഉള്ള ആദ്യ മത്സരമായിരുന്നു ഇന്നത്തേത് [പഞ്ചാബിനെതിരായ മത്സരം]. ഈ മത്സരത്തിൽ കളിച്ചവരിൽ അദ്ദേഹം ഏറ്റവും മികച്ചവരിൽ ഒരാളായിരുന്നു.” പരിശീലകന്റെ ഈ വാക്കുകൾ വിബിൻ മോഹനൻ എന്ന 21-കാരനെ സംബന്ധിച്ച് വിലമതിക്കാൻ ആകാത്തതാണ്. പുതിയ പരിശീലകന്റെ കീഴിൽ കളിച്ച ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ മലയാളി താരം. 

അതേസമയം, മത്സരശേഷം വിബിൻ മോഹനനും മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. “തീർച്ചയായും ഞങ്ങൾ ശക്തമായി തിരിച്ചുവരും, ഇത് ആദ്യ ഗെയിം മാത്രമാണ്, അതിനാൽ ഞങ്ങൾക്ക് വളരെയധികം മെച്ചപ്പെടുത്തേണ്ടതുണ്ട്. [പഞ്ചാബിനെതിരെ] ഞങ്ങൾ അത്ര നന്നായി കളിച്ചില്ല, അതിനാൽ അടുത്ത മത്സരത്തിൽ ഞങ്ങൾ മികച്ച കളി പുറത്തെടുക്കാൻ ശ്രമിക്കും,” വിബിൻ മോഹനൻ പറഞ്ഞു. സെപ്റ്റംബർ 22ന് ഈസ്റ്റ് ബംഗാളിന് എതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. Kerala Blasters coach hails Vibin Mohanan performance against Punjab