സെപ്റ്റംബർ മാസത്തിലെ മൂന്ന് വെല്ലുവിളി നിറഞ്ഞ മത്സരങ്ങളോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 ക്യാമ്പയിൻ ആരംഭിക്കുന്നു

സെപ്റ്റംബർ 13-ന് ഐഎസ്എൽ 2024/25 സീസണ് തുടക്കമാവുകയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ഷീൽഡ് വിന്നേഴ്സ് ആയ മോഹൻ ബഗാൻ സൂപ്പർ ജിയന്റ്സും, നിലവിലെ ഐഎസ്എൽ കപ്പ് ജേതാക്കൾ ആയ മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. മത്സരം മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ട് ആയ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുക. 

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സി ആണ്. തങ്ങളുടെ ആദ്യ ഐഎസ്എൽ സീസണിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത പഞ്ചാബ്, സ്ക്വാഡിൽ അടിമുടി മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലും വലിയ മാറ്റങ്ങൾ ഉണ്ട്. എന്നിരുന്നാലും, ആദ്യം മത്സരം വിജയിച്ച് ആരാധകർക്ക് സന്തോഷം പകരാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. 

ഈ സെപ്റ്റംബർ മാസം 3 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ കളിക്കാൻ ഉള്ളത്. സെപ്റ്റംബർ 15-ലെ മത്സരം കഴിഞ്ഞാൽ, പിന്നീട് സെപ്റ്റംബർ 22-ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഈ മത്സരവും കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ ആണ് ഉള്ളത്. രണ്ട് ഹോം മത്സരങ്ങൾക്ക് ശേഷം ആണ്, സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം വരുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്, സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരത്തിലെ എതിരാളികൾ. 

സെപ്റ്റംബർ 29-നാണ് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഡ്യുറണ്ട് കപ്പ് 2024 ജേതാക്കളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മികച്ച സ്ക്വാഡുമായി ആണ് ഇത്തവണ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഓരോ മത്സരങ്ങളും വെല്ലുവിളി നിറഞ്ഞതാണ്. സെപ്റ്റംബർ മാസത്തിൽ രണ്ട് ഹോം മത്സരങ്ങളും ഒരു എവേ മത്സരവും ഉൾപ്പെടെ ആകെ 3 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാൻ ഉള്ളത്. Kerala Blasters face stiff competition in ISL 2024/25 September fixtures